06:48pm 12 November 2026
NEWS
തൊഴിലാളികൾക്ക് കൈത്താങ്ങായി 'സനദ്' പദ്ധതി; മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് താനി ബിൻ അബ്ദുള്ള ഫൗണ്ടേഷൻ
14/04/2026  12:40 PM IST
nila
തൊഴിലാളികൾക്ക് കൈത്താങ്ങായി സനദ് പദ്ധതി; മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് താനി ബിൻ അബ്ദുള്ള ഫൗണ്ടേഷൻ

 


​ദോഹ: സമൂഹത്തിൽ ഐക്യദാർഢ്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി താനി ബിൻ അബ്ദുള്ള ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ പുതിയ പദ്ധതിയുമായി രംഗത്ത്. ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതിനായി രൂപീകരിച്ച 'സനദ്' (Sanad) പ്രോജക്റ്റ്, തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ആരോഗ്യ-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു.
​തൊഴിലാളികളുടെ ദൈനംദിന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, അവരുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഒരു നൂതന സംരംഭമാണിത്.
ഷോപ്പിംഗ് മാളുകളുമായി സഹകരിച്ച് തൊഴിലാളികൾക്ക് ഭക്ഷണ വൗച്ചറുകൾ, അവശ്യ വസ്ത്രങ്ങൾ എന്നിവ ലഭ്യമാക്കുന്നു. ഇത് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജീവിതസ്ഥിരത ഉറപ്പാക്കുന്നതിനും സഹായിക്കുന്നു.തൊഴിലാളികൾ കേന്ദ്രീകരിക്കുന്ന ഇടങ്ങളിലും ജോലിസ്ഥലങ്ങളിലും തണുത്ത കുടിവെള്ളം എത്തിക്കുന്നു. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. തൊഴിലാളികളുടെ പൊതുആരോഗ്യത്തിന് മുൻഗണന നൽകുന്നതിനൊപ്പം കുടിവെള്ളം നൽകുക എന്ന പുണ്യപ്രവൃത്തി കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
​തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ പഠനത്തിന് ശേഷമാണ് 'സനദ്' പദ്ധതിക്ക് രൂപം നൽകിയതെന്ന് പ്രോജക്റ്റ് ഡയറക്ടർ എഞ്ചിനീയർ അബ്ദുൽ ഹക്കിം അൽ ഹാഷിമി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് വിയർപ്പൊഴുക്കുന്ന തൊഴിലാളികൾ ആദരവും അംഗീകാരവും അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളി ക്യാമ്പുകൾ, പ്രധാന നിർമ്മാണ മേഖലകൾ, വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സഹായം എത്തിക്കുന്നതിനായി വിപുലമായ വിതരണ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അർഹരായവരിലേക്ക് തന്നെ സഹായം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശനമായ പരിശോധനാ സംവിധാനങ്ങളും പ്രത്യേക ഫീൽഡ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.
​സമൂഹത്തിന്റെ സമഗ്രമായ വികസനത്തിന് സാമൂഹിക ഉത്തരവാദിത്തം അത്യാവശ്യമാണെന്നും, സനദ് പദ്ധതിയെ പിന്തുണയ്ക്കാൻ സുമനസ്സുകൾ മുന്നോട്ടുവരണമെന്നും അൽ ഹാഷിമി അഭ്യർത്ഥിച്ചു. പ്രാദേശികമായ മാനുഷിക പ്രവർത്തനങ്ങളിൽ സംഘാടനം കൊണ്ടും സുസ്ഥിരത കൊണ്ടും ഒരു മികച്ച മാതൃകയായി മാറുകയാണ് 'സനദ്' പ്രോജക്റ്റ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img