
കൊച്ചി: ഇന്ധന ചോർച്ചയും കണ്ടെയ്നർ അപകടങ്ങളും ഉൾപ്പെടെയുള്ള സമുദ്ര മലിനീകരണ പ്രശ്നങ്ങളെ നേരിടാൻ കഴിഞ്ഞ മാസം കമ്മീഷൻ ചെയ്ത കോസ്റ്റ് ഗാർഡ് കപ്പൽ 'സമുദ്ര പ്രതാപ് ' കൊച്ചിയിലെത്തി. കേരളം, മാഹി തീരദേശ പ്രദേശങ്ങളുടെ ചുമതലയുള്ള കൊച്ചിയിലെ കോസ്റ്റ്ഗാർഡ് ഡിസ്ട്രിക്റ്റ് നാലിൻ്റെ നിയന്ത്രണണത്തിന് കീഴിലാണ് കപ്പലിൻ്റെ പ്രവർത്തനം. ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപ് സമുച്ചയ പരിധിയിലും സമുദ്ര പ്രതാപിൻ്റെ സേവനം ലഭ്യമാകും.
*നിർമ്മിച്ചത് തദ്ദേശിയമായി
തദ്ദേശിയമായി നിർമ്മിച്ച കപ്പൽ മണിക്കൂറിൽ 22 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കും. 114.5 മീറ്റർ നീളമുണ്ട്. ഗോവ കപ്പൽ നിർമ്മാണശാലയിലായിരുന്നു നിർമ്മാണം. ജനുവരി 5ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് കമ്മീഷൻ ചെയ്തത്.
അത്യാധുനിക സംവിധാനങ്ങൾ
ഇന്ത്യയുടെ സമുദ്രാതിർത്തിയിലും എക്സ്ക്ലൂസീവ് എക്കണോമിക് സോണിലും ഇന്ധന ചോർച്ചയെ തുടർന്നുണ്ടാകുന്ന മലിനീകരണം, കപ്പലുകളിലെ തീ പിടിത്തം എന്നിവ നേരിടാനുള്ള ഏറ്റവും അത്യാധുനിക സന്നാഹങ്ങൾ കപ്പലിൽ ഉണ്ട്.
കടലിൽ മലിനീകരണ വ്യാപനമുണ്ടോ എന്ന് സ്വയം തിരിച്ചറിയാനുള്ള പൊള്യൂഷൻ ഡിറ്റേക്ഷൻ ആൻഡ് കണ്ടെയ്ൻമെൻ്റ് സംവിധാനം , സമുദ്ര മലിനീകരണം ത്വരിതഗതിയിൽ നേരിടാൻ പ്രാപ്തിയുള്ള ബോട്ടുകൾ, റിക്കവറി എക്വിപ്മെൻ്റ്, ഇൻ്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെൻ്റ് സിസ്റ്റം, ( ഐ.പി.എം.എസ്), ഇൻ്റഗ്രേറ്റഡ് ബ്രിഡ്ജ് സിസ്റ്റം, ആട്ടോമേറ്റഡ് പവർ മാനേജ്മെൻ്റ് സിസ്റ്റം, തീ പിടിത്തം നേരിടാനുള്ള ആത്യാധുനിക ഉപകരണങ്ങൾ എന്നിവ കപ്പലിൻ്റെ ഭാഗമാണ്. ഹെലികോപ്റ്റർ, 4 അതിവേഗ ബോട്ടുകൾ എന്നിവയും സമുദ്ര പ്രതാപിന് വഹിക്കാൻ ശേഷിയുണ്ട്. ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കുമെന്ന പ്രത്യേകതയുമുണ്ട്. രണ്ട് വനിതാ ഓഫീസർമാരും കപ്പലിൽ സേവനമനുഷ്ടിക്കുന്നു.








