
ഗുരുഗ്രാം: സാംസങിന്റെ എട്ടാം തലമുറ ഫോൾഡബിൾ സ്മാർട്ട്ഫോണുകളായ ഗാലക്സി ഇസഡ് ഫോൾഡ്8 അൾട്രാ, ഗാലക്സി ഇസഡ് ഫോൾഡ്8, ഗാലക്സി ഇസഡ് ഫ്ലിപ്പ്8 എന്നിവ ഇന്ത്യയിൽ റെക്കോർഡ് പ്രീ-ഓർഡർ നേടി. ജൂലൈ 22-ന് അവതരിപ്പിച്ച ഫോണുകൾക്ക് വെറും 72 മണിക്കൂറിനുള്ളിൽ 2.71 ലക്ഷത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം സമാന നേട്ടത്തിലെത്താൻ ഗാലക്സി ഇസഡ് ഫോൾഡ്7, ഫ്ലിപ്പ്7 സീരീസിന് 15 ദിവസം വേണ്ടിവന്നിരുന്നു. പ്രീ-ഓർഡറുകളുടെ 45 ശതമാനവും രണ്ടാം നിര നഗരങ്ങളിൽ നിന്നും അതിന് താഴെയുള്ള പ്രദേശങ്ങളിൽ നിന്നുമാണ് ലഭിച്ചത്. ഇതോടെ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്ക് മെട്രോ നഗരങ്ങൾക്കപ്പുറവും വലിയ സ്വീകാര്യത ലഭിക്കുന്നതായാണ് സാംസങ് വിലയിരുത്തുന്നത്.
പുതിയ ഗാലക്സി ഇസഡ് സീരീസിൽ ഗാലക്സി ഇസഡ് ഫോൾഡ്8 201 ഗ്രാം മാത്രം ഭാരമുള്ള സാംസങിന്റെ ഏറ്റവും ഭാരം കുറഞ്ഞ ഫോൾഡ് മോഡലാണ്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, 4800 എംഎഎച്ച് ബാറ്ററി, 3,000 നിറ്റ്സ് തെളിച്ചമുള്ള ഡിസ്പ്ലേ, പുതിയ ഫ്ലെക്സ് ടൈറ്റാനിയം ഡിസൈൻ, ഇരട്ട 50 മെഗാപിക്സൽ ക്യാമറകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഗാലക്സി ഇസഡ് ഫോൾഡ്8 അൾട്രാ 8 ഇഞ്ച് പ്രധാന ഡിസ്പ്ലേ, 200 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 8കെ വീഡിയോ റെക്കോഡിങ്, 5,000 എംഎഎച്ച് ബാറ്ററി, 45 വാട്ട് ഫാസ്റ്റ് ചാർജിങ് എന്നിവയുമായി എത്തുന്നു. അതേസമയം, ഗാലക്സി ഇസഡ് ഫ്ലിപ്പ്8 വെറും 180 ഗ്രാം ഭാരവും 50 മെഗാപിക്സൽ ക്യാമറയും, ഫ്ലെക്സ് വിൻഡോ, ഗാലക്സി എഐ, ജെമിനി ഇന്റലിജൻസ് ഉൾപ്പെടെയുള്ള എഐ അധിഷ്ഠിത സവിശേഷതകളുമായി അവതരിപ്പിച്ചു.
മൂന്ന് മോഡലുകളിലും വ്യക്തിഗത നിർദേശങ്ങൾ നൽകുന്ന ഗാലക്സി എഐ, നൗ ബ്രീഫ്, നൗ നഡ്ജ്, ജെമിനി നോട്ട്ബുക്ക് തുടങ്ങിയ എഐ സംവിധാനങ്ങളും മെച്ചപ്പെട്ട സ്വകാര്യതയ്ക്കായി സാംസങ് നോക്സ്, നോക്സ് വോൾട്ട്, വൺ യു.ഐ. 9 സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാലക്സി ഇസഡ് ഫോൾഡ്8 അൾട്രായുടെ വില 1,99,999 രൂപ, ഗാലക്സി ഇസഡ് ഫോൾഡ്8-ന്റെ വില 1,79,999 രൂപ, ഗാലക്സി ഇസഡ് ഫ്ലിപ്പ്8-ന്റെ വില 1,24,999 രൂപ മുതലാണ്. എല്ലാ മോഡലുകളും 30 മാസത്തെ സീറോ ഡൗൺ പേയ്മെന്റോടെയുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യത്തോടെ ലഭ്യമാണെന്ന് സാംസങ് അറിയിച്ചു.
Photo Courtesy - Google











