
ഗ്യാസ് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് എറണാകുളം നോർത്തിലെ സമൃദ്ധിയിൽ മേയർ വി കെ മിനിമോൾ വിറക് അടുപ്പ് കത്തിക്കുന്നു.
കൊച്ചി: തുച്ഛമായ തുകയിൽ നൂറ് കണക്കിനാളുകളുടെ വിശപ്പകറ്റുന്ന എറണാകുളം നോർത്തിലെ സമൃദ്ധി പാചകവാതക ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ വിറക് അടുപ്പിലേക്ക് മാറി. പത്ത് ടൺ വിറകാണ് ഇന്നലെ എത്തിച്ചത്. ഇത് നാല് ദിവസത്തേക്ക് മാത്രമേ തികയുകയുള്ളു. ചൈനീസ് ഉൾപ്പെടെയുള്ള വിഭവങ്ങൾ തത്കാലത്തേക്ക് നിർത്തിയിട്ടുണ്ട്. ഏഴോളം ചിക്കൻ വിഭവങ്ങൾ വിളമ്പിയിരുന്നത് ഒരെണ്ണമായി കുറച്ചും.ബീഫ് ഇനങ്ങളും ഒരെണ്ണം മാത്രമാക്കി. ഉച്ചയൂണ് മാത്രമാണ് സമൃദ്ധിയിൽ ഇപ്പോൾ വിളമ്പുന്നത്. പൊതിച്ചോറടക്കം നിർത്തി വച്ചിരിക്കുകയാണ്. നഗരത്തിലെ മിക്ക ഹോട്ടലുകളും മെസുകളും അടച്ചതോടെ സമൃദ്ധിയിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. വിഭവങ്ങളുടെ എണ്ണം പരമാവധി കുറച്ച് ആവശ്യക്കാർക്ക് ഭക്ഷണം നൽകാനാണ് സമൃദ്ധിക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. മേയർ വി കെ മിനിമോൾ, ഡെപ്യുട്ടി മേയർ ദീപക് ജോയ്, സ്ഥിരം സമിതി അധ്യക്ഷൻ ആൻ്റണി പൈനുതറ, കൗൺസിലർമാരായ എം.ജി അരിസ്‌റ്റോട്ടിൽ,അഗസ്റ്റിൻ സെബ്യാസ്‌റ്റൻ (ടൈസൺ) എന്നിവർ സമൃദ്ധി സന്ദർശിച്ചു.
ഭക്ഷണ ലഭ്യത ഉറപ്പാക്കുമെന്ന് മേയർ പ്രതികരിച്ചു. ഗ്യാസ് ക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും വിറക് അടുപ്പ് ഉപയോഗിച്ച് പരമാവധി ആൾക്കാർക്ക് ഭക്ഷണം നല്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും നഗരത്തിൽ ഭക്ഷണ ലഭ്യത ഉറപ്പാക്കാൻ എല്ലാ മുൻകരുതലും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. പ്രതിസന്ധി ഒഴിയും വരെ നോർത്തിൽ സമൃദ്ധിയിൽ ഭക്ഷണം തയാറാക്കിയായിരിക്കും മറ്റുള്ള ഔട്ട്ലെറ്റിലേക്ക് എത്തിക്കുക.
Photo Courtesy - Google








