
പട്ന: ബീഹാറിൽ പുതുചരിത്രം കുറിച്ച് സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രിയാകുന്നത്. ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി അധികാരമേറ്റതോടെ ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നീണ്ടകാലത്തെ ഭരണത്തിനാണ് വിരാമമായിരിക്കുന്നത്.
രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്നൈൻ സത്യവാചകം ചൊല്ലി കൊടുത്തു. ബിജെപി നേതാക്കളും സഖ്യകക്ഷികളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിക്കൊപ്പം ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നീ ജെഡിയു നേതാക്കൾ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമർ കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി.
മുങ്കേറിലെ താരാപ്പുരിൽനിന്നുള്ള നിയമസഭാംഗമായ 57-കാരനായ സമ്രാട്ട് ചൗധരി ബിഹാറിലെ മുതിർന്ന രാഷ്ട്രീയ നേതാവായ ശകുനി ചൗധരിയുടെ മകനാണ്. ആർ.ജെ.ഡി.യിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച സമ്രാട്ട് 2014-ൽ ജെ.ഡി.യു.വിൽ ചേർന്നു. 2017-ൽ ബി.ജെ.പി.യിലേക്ക് മാറി. 2023-ൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായി. പിന്നാക്ക സമുദായത്തിൽനിന്നുള്ള നേതാവാണ്.











