
പെട്രോളിൽ ഇ-20 (E 20 ) മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെ നിശ്ചിത അളവിൽ കൂടുതൽ എഥനോൾ ചേർക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിർദേശപ്രകാരം എറണാകുളം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ചു.
ഒരു ലിറ്റർ വീതമുള്ള ആറ് കാനുകളിലാണ് സീൽ ചെയ്ത സാമ്പിളുകൾ ശേഖരിച്ചിട്ടുള്ളത്. ഇതിൽ രണ്ട് കാനുകൾ റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ നിശ്ചിത ഗുണനിലവാര പരിശോധനയ്ക്കായി നൽകുകയും രണ്ട് കാനുകൾ പെട്രോൾ പമ്പിലും രണ്ട് കാനുകൾ ഓഫീസിലും സൂക്ഷിച്ചിട്ടുണ്ട്.
ഓരോ സാമ്പിളിലും ഇ- 20 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും ഓരോ സാമ്പിളിലും കണ്ടെത്തിയ എഥനോളിൻ്റെ ശതമാനം എത്രയാണെന്നുമാണ് പരിശോധിക്കുന്നത്. പരിശോധനയിൽ ജില്ലാ സപ്ലൈ ഓഫീസർ വി. ആർ ഷാജി, താലൂക്ക് ഓഫീസർമാരായ മരിന ജോൺ, സിന നന്ദൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ പദ്മകുമാർ, രേഖ റെയ്ച്ചൽ എന്നിവർ പങ്കെടുത്തു
Photo Courtesy - Google










