05:20pm 24 October 2026
NEWS
അതീവ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സമൂസ നിർമാണ യൂണിറ്റ് പൂട്ടിച്ചു; ആയിരത്തോളം സമൂസകൾ നശിപ്പിച്ചു
27/06/2026  10:53 AM IST
nila
അതീവ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സമൂസ നിർമാണ യൂണിറ്റ് പൂട്ടിച്ചു; ആയിരത്തോളം സമൂസകൾ നശിപ്പിച്ചു

പേരാമ്പ്ര: ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പേരാമ്പ്രയിലെ സമൂസ നിർമാണ യൂണിറ്റ് അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ചിരുന്ന ആയിരത്തോളം സമൂസകളും ഉദ്യോഗസ്ഥർ നശിപ്പിച്ചു.

കുരുടിമുക്കിലെ കോഫി ഇൻ സ്ഥാപനത്തിലായിരുന്നു പരിശോധന. നിർമാണ യൂണിറ്റിലെ തൊഴിലാളികൾക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ മറ്റ് ആരോഗ്യപരിശോധന രേഖകളോ ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായി. കൂടാതെ, ഉൽപാദനത്തിനായി ഉപയോഗിച്ചിരുന്ന വെള്ളത്തിന്റെ ഗുണനിലവാര പരിശോധന റിപ്പോർട്ടും ഹാജരാക്കാനായില്ല.

നിർമാണ കേന്ദ്രം അതീവ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നെന്നും എലി, പൂച്ച, പാമ്പ് തുടങ്ങിയ ജീവികൾക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്ന വിധത്തിൽ കെട്ടിടവും പരിസരവും സുരക്ഷിതമല്ലാത്ത നിലയിലായിരുന്നെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും തൊഴിലാളികൾ ഗ്ലൗസ്, ഹെഡ് ക്യാപ് തുടങ്ങിയ വ്യക്തിഗത ശുചിത്വ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നും ഇത് ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

പേരാമ്പ്ര ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. വിജി വിൽസണിന്റെയും പി. അഭിനന്ദിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img