12:05am 04 June 2026
NEWS
പാറ്റക്കൂട്ടിൽ പെട്ട് സമീർ അഹമ്മദ് ഖാൻ കുരുക്കിൽ; ആഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
03/06/2026  11:56 AM IST
വിഷ്ണുമംഗലം കുമാർ
പാറ്റക്കൂട്ടിൽ പെട്ട് സമീർ അഹമ്മദ് ഖാൻ കുരുക്കിൽ; ആഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

സിദ്ധരാമയ്യ മന്ത്രിസഭയിൽ ഭവനം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കരുത്തനായ മുസ്ലിംനേതാവ് സമീർ അഹമ്മദ് ഖാൻ ഡി കെ ശിവകുമാറിന്റെ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന സംശയം നിലനിൽക്കുന്ന  സാഹചര്യത്തിലാണ് അശനി പാതം പോലെ ഒരു ആഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായത്. ദാവൺഗെരെ സൗത്ത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായ നേതാവാണ് സമീർ അഹമ്മദ് ഖാൻ. മണ്ഡലത്തിൽ കോൺഗ്രസ്സ് ഒരു മുസ്ലിം നേതാവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് സമീർ ശക്തമായി വാദിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അത് ചെവിക്കൊണ്ടിരുന്നില്ല. ആ കാരണത്താൽ സമീറും സഹായികളും പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. എസ്‌ ഡി പി ഐ സ്ഥാനാർഥിയ്ക്ക് സമീറും സഹായികളും മുസ്ലിംവോട്ടുകൾ മറിച്ചുകൊടുത്തു എന്ന ആരോപണം ഉയർന്നിരുന്നു. സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്ന സംസ്ഥാന ന്യുനപക്ഷ വിഭാഗം ചെയർമാൻ അബ്ദുൾ ജബ്ബാർ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കപ്പെട്ടു. സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദിന് ആ പദവി നഷ്ടമായി. ശാമന്നൂർ ശിവശങ്കരപ്പ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 28000 വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണ് ദാവൺഗെരെ സൗത്ത്. ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ കോൺഗ്രസ്സ് സ്ഥാനാർത്ഥി കഷ്ടിച്ചാണ് ജയിച്ചുകയറിയത്. മുസ്ലിം വോട്ടുകൾ വ്യാപകമായി മറിച്ചതായി തെളിഞ്ഞു. സമീർ അഹമ്മദ് ഖാന് എതിരായും നടപടി ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. ആ ഘട്ടത്തിലാണ് നേതൃമാറ്റമുണ്ടായത്. ഡി കെ യുടെ മന്ത്രിസഭയിൽ സമീർ അഹമ്മദ് ഖാൻ ഉണ്ടാകുമോ എന്ന സംശയം നിലനിൽക്കുമ്പോഴാണ്  അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കുന്ന ആഡിയോ ക്ലിപ്പ് വൈറലായത്. പാറ്റക്കൂട്ടത്തിന്റെ (കോക്രോച്ച് കർണാടക) എക്സ് ഹാൻഡിലിലാണ് ആഡിയോ ക്ലിപ്പ് വന്നത്. സമീർ അഹമ്മദ് ഖാനും കോൺഗ്രസ്സ് ന്യുനപക്ഷ വിഭാഗം വൈസ് പ്രസിഡന്റ് ആയിരുന്ന മുഹമ്മദ്‌ സിറാജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് ചോർന്നത്. എസ്‌ ഡി പി ഐ സ്ഥാനാർത്ഥിയ്‌ക്ക് മുസ്ലിം വോട്ടുകൾ മറിച്ചതിന്റെ സൂചനകളും തെളിവുകളും സംഭാഷണത്തിലുണ്ട്. ആഡിയോ ക്ലിപ്പ് വ്യാജമാണെന്നാണ് സമീർ അഹമ്മദ് ഖാൻ വ്യക്തമാക്കിയത്. മുഹമ്മദ്‌ സിറാജും ആഡിയോ ക്ലിപ്പ് വ്യാജമാണെന്നാണ് പ്രതികരിച്ചത്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. സമീർ അഹമ്മദ് ഖാന്റെ രാഷ്ട്രീയഭാവിയെ ഈ ആഡിയോ ക്ലിപ്പ് ചോർച്ച ദോഷകരമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img