
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ സംഗമത്തിനെതിരെ സമസ്തയും ബിജെപിയും രംഗത്ത്. സർക്കാർ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ സംഗമത്തിൽ ആശങ്കയുണ്ടെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. അതേസമയം, ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനുള്ള സർക്കാർ നീക്കം സത്യപ്രതിജ്ഞ ലംഘനമെന്നാണ് ബിജെപിയുടെ ആരോപണം.
ഒരു മതേതര സർക്കാർ മതത്തിന്റെ പേരിൽ ചേരിതിരിച്ച് സംഗമം നടത്തേണ്ടതുണ്ടോ എന്ന സംശയമാണ് അബ്ദുസമദ് പൂക്കോട്ടൂർ ഉന്നയിച്ചത്. കഴിഞ്ഞ കുറേ കാലങ്ങളായി മുസ്ലീം സമുദായത്തിന് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. നഷ്ടപെട്ട ആനുകൂല്യം തിരിച്ചു നൽകാൻ കഴിഞ്ഞാൽ ന്യൂനപക്ഷ സംഗമം വിജയമായിരിക്കും അല്ലങ്കിൽ പ്രഹസനമാവുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
സർക്കാർ തന്നെ ആളുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബിജെപിയുടെ നിലപാട്. എന്നാൽ, അടുത്ത മാസം കൊച്ചിയിൽ സർക്കാർ സംഘടിപ്പിക്കുന്നത് ന്യൂനപക്ഷ സെമിനാറെന്നാണ് മന്ത്രി വി. അബ്ദുറഹിമാൻ്റെ പ്രതികരണം. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന33 സെമിനാറുകളിൽ ഒന്നു മാത്രമാണിതെന്നും മന്ത്രി പറയുന്നു.











