10:34pm 12 November 2026
NEWS
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത
08/02/2026  05:42 AM IST
nila
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത

കാസർകോട്: മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയർത്തി സമസ്ത. സംഘടനയുടെ നൂറാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം സമസ്ത ആവശ്യപ്പെടുന്നത്. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ജില്ലാ വിഭജനം അനിവാര്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഭരണനിർവഹണം കാര്യക്ഷമമായി നടപ്പാക്കാനും വിഭവങ്ങളുടെ സമചിതമായ വിതരണം ഉറപ്പാക്കാനും പുതിയ ജില്ല ആവശ്യമെന്നാണ് പ്രമേയത്തിൽ വ്യക്തമാക്കുന്നത്. 

കേരളത്തിന്റെ നിലവിലെ ജനസംഖ്യാ ഘടനയും ഭരണയന്ത്രം നേരിടുന്ന വെല്ലുവിളികളും പരിഗണിച്ചാൽ ജില്ലകളുടെ പുനർനിർണയം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉമർ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കുന്നു. ജനസംഖ്യാ വർധനയും ഭൂപ്രകൃതിയും യാത്രാസൗകര്യങ്ങളിലെ കുറവും ഭരണസേവനങ്ങളുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതായി പ്രമേയത്തിൽ പറയുന്നു.

മലപ്പുറം മാത്രമല്ല, ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാനമായ ഭരണപ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാ വലിപ്പവും ഭൂമിശാസ്ത്ര സവിശേഷതകളും കണക്കിലെടുത്ത് ജില്ലാ പുനസംഘടന നടത്തേണ്ടതിന്റെ ഉദാഹരണമായി തമിഴ്നാടിന്റെ മാതൃകയും പ്രമേയം മുന്നോട്ടുവെക്കുന്നു. 39 പാർലമെന്റ് മണ്ഡലങ്ങൾ ഉള്ള സംസ്ഥാനത്ത് 38 ജില്ലകൾ നിലവിലുണ്ടെന്നതാണ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്ന മാതൃക.

പുതിയ ജില്ലകൾ രൂപീകരിക്കപ്പെടുന്നതോടെ സിവിൽ സ്റ്റേഷനുകൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുത്തെത്തുമെന്നും, പിന്നാക്ക മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൈവരിക്കാനാകുമെന്നും പ്രമേയം വിലയിരുത്തുന്നു. ഈ വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവെച്ച് വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ചേർന്ന് മുന്നോട്ടുവരണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ഇതിനിടെ, മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗവും നേരത്തെ രംഗത്തെത്തിയിരുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നയിച്ച ‘കേരള യാത്ര’യുടെ ഭാഗമായാണ് ഈ ആവശ്യം ശക്തമായി ഉയർന്നത്. യാത്ര മലപ്പുറം ജില്ലയിലെത്തിയപ്പോൾ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ ഇക്കാര്യം ഉന്നയിച്ചിരുന്നു.

ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും, അത് മലപ്പുറം ജില്ലക്കാരുടെ പൊതുവായ ആവശ്യമായി പരിഗണിക്കണമെന്നും ഖലീൽ ബുഖാരി തങ്ങൾ വ്യക്തമാക്കി. റവന്യൂ സൗകര്യങ്ങളും ഭരണസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള നടപടിയാണ് ജില്ലാ വിഭജനം എന്നും, അത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ ജില്ലകളുടെയും ജനസംഖ്യാ-ഭൂമിശാസ്ത്ര സാഹചര്യങ്ങൾ സൂക്ഷ്മമായി പഠിച്ചുകൊണ്ടുള്ള സമഗ്ര പുനസംഘടനയാണ് വേണ്ടതെന്നും, ജില്ലാ വിഭജനത്തെ മതപരമായ കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്നത് തെറ്റായ പ്രവണതയാണെന്നും ഖലീൽ ബുഖാരി തങ്ങൾ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img