05:05am 07 November 2026
NEWS
ശൈശവവിവാഹത്തേയും ബഹുഭാര്യാത്വ ത്തേയും വെള്ളപൂശി സമസ്താ നേതാവ്
21/09/2025  10:23 AM IST
പ്രദീപ് ഉഷസ്സ്
ശൈശവവിവാഹത്തേയും ബഹുഭാര്യാത്വ ത്തേയും വെള്ളപൂശി സമസ്താ നേതാവ്
HIGHLIGHTS

 

ഇ എം എസിന്റെ മാതാവിന്റെ വിവാഹവും വിവാദമാക്കി

ശൈശവ വിവാഹത്തേയും ബഹുഭാര്യാത്വത്തെയും കുറിച്ച് വിവാദ പ്രസ്താവനകളുമായി  രംഗത്തുവന്ന സമസ്ത ഇ.കെ. വിഭാഗം  നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ സുന്നി പണ്ഡിതരിൽ പ്രധാനിയും ദാറുൽ ഹുദാ ഇസ്ലാമിക്ക് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമാണ് ഡോ. ബഹാവുദ്ദീൻ നദ്വി. മുൻകാലങ്ങളിൽ ബഹുഭാര്യാത്വവും ശൈശവ വിവാഹവും സർവ്വസാധാരണമായിരുന്നുവെന്ന് പ്രസ്താവിച്ച ഡോ.നദ്‌വി തന്റെ വാദം സ്ഥാപിക്കുന്നതിനായി മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അമ്മയെ വരെ ചർച്ചകളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ഇ.എം.എസിന്റെ അമ്മയെ പതിനൊന്നാം വയസ്സിലാണ് വിവാഹംകഴിച്ചതെന്നും, അതൊന്നും ഒരു തെറ്റായി ആരും വ്യാഖ്യാനിച്ചിട്ടില്ലായിരുന്നുവെന്നും, അന്നൊക്കെ ഇതെല്ലാം സർവ്വസാധാരണമായിരുന്നു, എന്നിട്ടും കുഴപ്പങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന മട്ടിലാണ് ഡോ. ബഹാവുദീൻ നദ്‌വി നടത്തിയ വിവാദ പ്രസംഗം. ഒരർത്ഥത്തിൽ ശൈശവ വിവാഹത്തെ ന്യായീകരിക്കുന്ന നിലപാടാണ് നദ്‌വി തന്റെ പ്രസംഗത്തിലൂടെ നടത്തിയതെന്നത് വ്യക്തം. പതിനഞ്ചാം നൂറ്റാണ്ടിലേക്കൊന്നും പോകേണ്ട, ഇത് ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇഎംഎസിന്റെ അമ്മയുടെ വിവാഹം അനവസരത്തിൽ ചർച്ച ചെയ്തു കൊണ്ട് ഡോ. നദ്വി ശൈശവ വിവാഹത്തെ ന്യായീകരിക്കാൻ ശ്രമിച്ചത്. കോഴിക്കോട് മടവൂരിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഈവിധത്തിൽ വിവാദപരാമർശങ്ങളുമായി നദ്‌വി രംഗത്തെത്തിയത്.

'ബഹുഭാര്യാത്വത്തെ എതിർക്കുന്നത് പകൽ മാന്യൻമാർ'

ഇതിന് പുറമെ ബഹുഭാര്യാത്വത്തെ ന്യായീകരിച്ചുകൊണ്ടും ഡോ. നദ്വി രംഗത്തെത്തിയിരുന്നു. ആവിധം പ്രതികരണങ്ങൾക്കെതിരെയും  രൂക്ഷവിമർശനങ്ങൾ ആണ് ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നത്. ബഹുഭാര്യാത്വത്തെ എതിർത്ത് സമൂഹത്തിൽ മാന്യൻമാരായി നടിക്കുന്നവരെല്ലാം രഹസ്യമായി ബഹുഭാര്യാത്വം അനുഭവിക്കുന്നവരായിരിക്കുമെന്ന മട്ടിലായിരുന്നു നദ്വിയുടെ  പ്രസംഗം.
സമൂഹത്തിൽ കുറെ പകൽമാന്യൻമാർ ഉണ്ട്. അതിൽ ഉദ്യോഗസ്ഥരും എം.പിമാരും എംഎൽഎമാരും സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിമാരുമെല്ലാമുണ്ട്. ഇവർക്കെല്ലാം നിലവിൽ ഭാര്യമാരുണ്ടാകും. കൂടാതെ  ഇൻചാർജ് ഭാര്യമാർ വേറെയുമുണ്ടാകും, അങ്ങനെയില്ലാത്തവർ കയ്യുയർത്താൻ പറഞ്ഞാൽ സമൂഹത്തിൽ എത്ര പേർ കയ്യുയർത്തും?  നദ്വി നടത്തിയ  പ്രസംഗത്തിലെ വിവാദപരാമർശങ്ങൾ ഈ വിധത്തിലായിരുന്നു.

കാടടച്ച് വെടിവെക്കുന്ന വിധത്തിൽ, എല്ലാവരും ബഹുഭാര്യാത്വത്തിന്റെ വക്താക്കളാണെന്ന് സമർത്ഥിക്കാനാണ് ഡോ. നദ്‌വി ശ്രമിച്ചത്. ഏതൊക്കെനേതാക്കളാണ്, ഏതൊക്കെ പൊതു പ്രവർത്തകരാണ് ബഹുഭാര്യാത്വം പിന്തുടരുന്നത് എന്ന് സമർത്ഥിക്കാനാവട്ടെ അദ്ദേഹം തയ്യാറായിട്ടുമില്ല. അതുകൊണ്ട് തന്നെ ശൈശവവിവാഹത്തേയും ബഹുഭാര്യത്വത്തേയും ന്യായീകരിക്കാനാണ് സമസ്തയുടെ മുശാവറ അംഗം കൂടിയായ ഈ മത പണ്ഡിതൻ ശ്രമിക്കുന്നതെന്ന വിധത്തിലുള്ള ആരോപണങ്ങളാണ് ഡോ. ബഹാവുദ്ദീൻ നദ്വിക്കെതിരെ ഇപ്പോൾ ശക്തമായി ഉയർന്നുകൊണ്ടിരിക്കുന്നത്.

ഇസ്ലാമിൽ ബഹുഭാര്യാത്വത്തേയും, ചെറിയ പ്രായത്തിൽ തന്നെ വിവാഹം നടത്തുന്നതിനേയും ന്യായീകരിക്കുന്ന സാമുദായിക നേതാക്കളുടെ എണ്ണം അടുത്ത കാലത്തായി ഏറിവരികയാണ്. ചെറിയ പ്രായത്തിൽ വിവാഹിതരാവുകയും കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തുകൊണ്ട് സാമുദായിക ശക്തി വർദ്ധിപ്പിക്കണമെന്ന വിധത്തിൽ അത്യന്തം ആപത്ക്കര സന്ദേശങ്ങൾ നൽകുന്ന ആത്മീയ നേതാക്കളുടെ എണ്ണവും കൂടി വരുന്നുണ്ട്. അവരെല്ലാം ആവേശപൂർവമാണ് നദ്‌വിയുടെ പ്രഭാഷണത്തെ വീക്ഷിക്കുന്നത്. അതേസമയം മുൻകാലങ്ങളിൽ നിന്നുംവിഭിന്നമായി മുസ്ലിം സമുദായത്തിൽ വിദ്യാസമ്പന്നകളായ പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ  വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അവരാകട്ടെ ഭാവിജീവിതത്തെകുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ളവരുമാണ്. മതപണ്ഡിതർ പുറപ്പെടുവിക്കുന്ന ഇത്തരം ഫത്വകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്ന യുവതലമുറകളുടെ എണ്ണവും വർദ്ധിച്ച്  വരികയാണ്. ആ സാഹചര്യത്തിൽ മുസ്ലിം സമുദായത്തിനിടയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിടാനും ബഹുഭാര്യാത്വവും ശൈശവ വിവാഹവുമൊന്നും പുതിയ കാര്യങ്ങൾ അല്ലാ എന്ന് സമർത്ഥിക്കാനും, ആവിധം പ്രവർത്തനങ്ങളെ വെള്ള പൂശാനുമാണ് ഡോ.നദ്വിയെ പോലെയുള്ള മുസ്ലീം ആത്മീയ പണ്ഡിതർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായി ഉയർന്നുകൊണ്ടിരിക്കുന്നത്.

താക്കീതുമായി സി പി എം പ്രവർത്തകർ

അതേസമയം, നദ്വി നടത്തിയ പ്രസംഗത്തെ അത്യന്തം വൈകാരികമായാണ് സി. പി എം അണികൾ ഉൾക്കൊണ്ടിട്ടുള്ളത്. പതിറ്റാണ്ടുകൾക്കു മുമ്പുള്ള സാമൂഹ്യ സാഹചര്യങ്ങൾ വിശകലനം ചെയ്യാതെ പണ്ടും ശൈശവ വിവാഹം നടന്നിരുന്നുവെന്നും  അതിന്റെ ഉദാഹരണമാണ് ഇ എം എസിന്റെ അമ്മ എന്ന മട്ടിൽ ഡോ. നദ്വി നടത്തിയ പ്രതികരണത്തിനെതിരെ അതിരൂക്ഷമായാണ് സിപി.എം പ്രവർത്തകർ ഇപ്പോൾ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. സമസ്തക്ക് വളരെയധികം വേരോട്ടമുള്ള വടക്കൻ കേരളത്തിൽ ഡോ. നദ്വിയെ രൂക്ഷഭാഷയിൽ വിമർശിച്ചു കൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത് ഈ സാഹചര്യത്തിലാണ്.

നദ്വി പ്രസംഗിച്ച മടവൂരിൽ സി പി എമ്മിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണുയർന്നത്. പണ്ഡിത വേഷം ധരിച്ച നാറിയാണ് നദ്വി എന്ന വിധത്തിൽ രൂക്ഷഭാഷയിലാണ് സി.പിഎം ലോക്കൽ കമ്മിറ്റി അംഗം അഡ്വ .അഖിൽ മുഹമ്മദ് ഡോ.നദ്വിയെ കടന്നാക്രമിച്ചത്.  ഞങ്ങൾ ജിഫ്രി മുത്തുക്കോയ തങ്ങളെ പോലെയുള്ള ആത്മീയ നേതാക്കളെ അംഗീകരിക്കും എന്നാൽ നദ്വി പോലെയുള്ളവരെ അംഗീകരിക്കില്ല. ഇയാൾ ഉസ്താദല്ല. പണ്ഡിത വേഷം ധരിച്ച ഈവിധം നാറികൾ ഇഎംഎസിനെ പോലെയുള്ള കമ്യൂണിസ്റ്റ് ആചാര്യൻമാരുടെ കുടുംബത്തെപ്പോലും  വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ല. നദ്വിയുടെ വാക്കുകൾ ആഘോഷമാക്കുന്ന അനുയായികൾക്കും താക്കീതായിട്ടാണ് ഈ പ്രതിഷേധം നടത്തുന്നതെന്നും സി.പിഎം പ്രവർത്തകർ  ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. ചിലർക്ക് ഇഷ്ടം പോലെ കല്യാണം കഴിക്കാം. പക്ഷേ കമ്യൂണിസ്റ്റ് ആചാര്യൻമാരെ അധിക്ഷേപിക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ല എന്ന വിധത്തിലാണ് അവർ നയം വ്യക്തമാകുന്നത്. 

സമസ്തയ്ക്കുള്ളിലും പ്രതിഷേധം

ആധുനിക വിദ്യാഭ്യാസ വിഷയങ്ങളിലും സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി, മുസ്ലിം സമുദായത്തിന് ദിശാബോധമേകി മുന്നോട്ട് നയിക്കുന്ന സാമുദായിക പ്രസ്ഥാനങ്ങളിൽ മുൻനിരയിലാണ് സമസ്തയുടെ സ്ഥാനം. അത്തരം ഒരു പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന വിദ്യാസമ്പന്നനായ ഒരു ആത്മീയ പണ്ഡിതന്റെ ഭാഗത്തുനിന്ന് ആധുനിക കാലത്തിന് യോജിക്കാൻ കഴിയാത്ത വിധത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നതിനെ ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന പ്രതികരണമാണ് ഇതര മുസ്ലിം സാമുദായിക സംഘടനകളും മുന്നോട്ട് വെക്കുന്നത്.

ഇ.കെ.വിഭാഗം സമസ്തയിൽ മുസ്ലിംലീഗിന് പ്രത്യക്ഷ പിന്തുണ നൽകുന്ന വിഭാഗത്തിലെ മുൻനിര നേതാവാണ് ഡോ.ബഹാവുദീൻ നദ്വി.  ഡോ. നദ്വിയുടെ പല  നിലപാടുകളും ഇതിന് മുമ്പും വിവാദമായിട്ടുണ്ട്. സമസ്താ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ തന്നെ നദ്വിയുടെ പല നിലപാടുകളേയും തള്ളിക്കളഞ്ഞിട്ടും ഉണ്ട്. ഈ വിധത്തിൽ ഡോ. നദ്വി ഉയർത്തിയ വിഷയത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ കൈക്കൊള്ളുന്ന  സമീപനം എന്തായിരിക്കുമെന്നാണ് ഏവരും ആകാംക്ഷാപൂർവ്വം ഉറ്റുനോക്കുന്നത്.

ഇപ്പോൾ നദ്‌വി നടത്തിയ പ്രതികരണങ്ങൾ  അനവസരത്തിലായെന്നും സമസ്തയുടെ പ്രതിച്ഛായ തകർക്കുന്ന വിധത്തിൽ ആണെന്നുമുള്ള അഭിപ്രായമാണ് വലിയ വിഭാഗം സമസ്താ നേതാക്കൾക്കുമുള്ളത്. സംഘടനയ്ക്കുള്ളിൽ ആവിധം പ്രതിഷേധങ്ങൾ അവർ ഉയർത്തുന്നുമുണ്ട്.  ആധുനിക സമൂഹം തള്ളിക്കളഞ്ഞ ബഹുഭാര്യാത്വത്തേയും ശൈശവ വിവാഹത്തേയും ഈ വിധത്തിൽ വെള്ളപൂശാൻ ശ്രമിച്ചാൽ അത് സമസ്തയ്ക്ക് തന്നെ ദോഷകരമായി മാറുമെന്ന വിലയിരുത്തലാണ് വലിയ വിഭാഗം സമസ്താ നേതാക്കൾക്കുമുള്ളത്. ഈവിധം അടിയൊഴുക്കുകൾ  സമസ്തയ്ക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കുമെന്ന് തന്നെയാണ് സൂചനകൾ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img