09:50pm 05 June 2026
NEWS
നിലവിളക്ക് വിവാദം: ഫാത്തിമ തഹിലിയക്കെതിരെ വീണ്ടും സമസ്ത
05/06/2026  01:43 PM IST
NILA
 നിലവിളക്ക് വിവാദം: ഫാത്തിമ തഹിലിയക്കെതിരെ വീണ്ടും സമസ്ത

കോഴിക്കോട്: മുസ്ലിം ലീഗ് എംഎൽഎ ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ ഒരു റെസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ ശക്തമായ വിമർശനവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. ഇതര മതങ്ങളുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന് വിരുദ്ധമാണെന്നും, ഒരു മുസ്ലിം അത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നത് ഗുരുതരമായ മതപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹമീദ് ഫൈസിയുടെ പ്രതികരണം. വിശ്വാസമില്ലാതെ വെറും ചടങ്ങെന്ന നിലയിൽ മതാചാരങ്ങൾ അനുഷ്ഠിക്കുന്നതിൽ തെറ്റില്ലെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും, ഇസ്ലാമിക നിയമപ്രകാരം അതിന് വ്യക്തമായ വിലക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ സംശയത്തിന് ഇടയില്ലാത്ത വിധം ഇസ്ലാമിക പണ്ഡിതന്മാർ വ്യക്തമായ മതവിധി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാം മറ്റ് മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും പുലർത്താൻ പഠിപ്പിക്കുന്നുണ്ടെങ്കിലും, അവരുടെ മതചടങ്ങുകളെയും ആചാരങ്ങളെയും പിന്തുടരാനോ അനുകരിക്കാനോ അനുവാദമില്ലെന്ന് ഹമീദ് ഫൈസി പറഞ്ഞു. വിശ്വാസപരമായ അംഗീകാരം നൽകാതെയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെങ്കിലും, അത് അനുകരണത്തിന്റെ പരിധിയിൽ വരുന്നതിനാൽ നിഷിദ്ധവും കുറ്റകരവുമാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

നേരത്തെ തന്നെ ഫാത്തിമ തഹിലിയയുടെ നടപടിയെ സമസ്ത തിരുത്തിയിരുന്നു. അനിസ്ലാമിക ആചാരങ്ങളിൽ നിന്ന് മുസ്ലിംകൾ വിട്ടുനിൽക്കണമെന്നും ഇതര മതവിഭാഗങ്ങളുടെ മതപരമായ ചടങ്ങുകളും ആചാരങ്ങളും അനുകരിക്കരുതെന്നും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. നിലവിളക്ക് കൊളുത്തൽ ഒരു പ്രത്യേക മതപരമ്പരയുമായി ബന്ധപ്പെട്ട ആചാരമാണെന്നും അതിനാൽ മുസ്ലിംകൾ അതിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നുമാണ് സമസ്തയുടെ നിലപാട്.

ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൻറെ പൂർണ്ണ രൂപം

ഇസ്ലാമിക നിയമങ്ങൾ കൃത്യമാണ്, വ്യക്തമാണ്, സ്പഷ്ടമാണ്. ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. ഒരു ആടിനെ അറുത്ത് പാചകം ചെയ്താൽ അയൽക്കാരനായ ജൂതന് അതിൻറെ ആദ്യ ഭാഗം നൽകണമെന്ന് വീട്ടുകാരോട് നിർദ്ദേശിക്കുന്നവരായിരുന്നു പ്രവാചക അനുചരന്മാർ. എന്നാൽ, ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും ഇസ്ലാം ശക്തമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഇത്തരം വിഷയങ്ങളിൽ ബഹുസ്വര സമൂഹം ജീവിക്കുന്ന നമ്മുടെ നാട്ടിൽ പലപ്പോഴും വിവാദങ്ങൾ ഉണ്ടാകാറുണ്ട്. വിശ്വാസമില്ലാതെ ഇത്തരം ആചാരങ്ങൾ നിർവഹിക്കുന്നതിന് കുഴപ്പമില്ലെന്ന് പറഞ്ഞു അതിനെ ന്യായീകരിക്കുന്ന ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഈ വിഷയത്തിൽ ഒരു സംശയത്തിനും ഇടമില്ലാത്ത വിധം ക്രിസ്റ്റൽ ക്ലിയർ ആയി കേരളത്തിലെ മുസ്ലിങ്ങളുടെ ആധികാരിക മതപണ്ഡിത സംഘടന മതവിധി നൽകിയിരിക്കുന്നു.

3/6/2026 ന്ചേർന്ന സമസ്ത മുശാവറ പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെ വായിക്കാം: "പരിശുദ്ധ ഇസ്ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതര മതക്കാർ അവരുടെ മതാചാരമായി നിർവഹിച്ചു വരുന്നതുമായ ചടങ്ങുകളും ആചാരങ്ങളും മുസ്ലിങ്ങൾ വർജ്ജിക്കണമെന്ന് കോഴിക്കോട് ചേർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ യോഗം ആഹ്വാനം ചെയ്തു. നിലവിൽ നടക്കുന്ന നിലവിളക്ക് വിവാദം സംബന്ധിച്ച ചർച്ചയിലാണ് മുശാവറ യോഗം മേൽ തീരുമാനം കൈക്കൊണ്ടത്. പ്രത്യേക ആചാരങ്ങളിൽ നിലവിളക്ക് കത്തിക്കൽ ഒരു പ്രത്യേക മത ചടങ്ങായി കാലങ്ങളായി അമുസ്ലിങ്ങൾ നിർവഹിച്ചു വരുന്ന കാര്യമാണ്. അത്തരം ആചാരങ്ങൾ നടത്തി വരുന്ന അമുസ്ലിങ്ങൾക്ക് അതിന് അടിസ്ഥാനമാക്കിയിട്ടുള്ള ഇസ്ലാം വിരുദ്ധ വിശ്വാസങ്ങൾ ഉൾക്കൊള്ളുകയും അടിസ്ഥാനമാക്കുകയും ചെയ്തു കൊണ്ട് ഒരു മുസ്ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്നതാണ്.

മറിച്ച് അത്തരം വിശ്വാസങ്ങൾ ഉൾക്കൊള്ളാതെയും അടിസ്ഥാനമാക്കാതെയും അമുസ്ലിങ്ങളോട് സാദൃശ്യം പുലർത്തുക എന്ന നിലയിലാണ് അത് ചെയ്തതെങ്കിൽ ആ പ്രവർത്തി നിഷിദ്ധവും കുറ്റകരവുമാണ്. എന്നാൽ, ഒരാൾ വെളിച്ചം മാത്രം ഉദ്ദേശിച്ച് മറ്റ് വിളക്കുകളെ പോലെ വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് അനുവദനീയവും ആണ്.നമ്മുടെ രാജ്യത്തിൻറെ ഐക്യവും സൗഹാർദ്ദവും നിലനിർത്തുന്നതോടൊപ്പം ഇത്തരം കാര്യങ്ങൾ ലാഘവത്തോടെ കാണാതെ എല്ലാവരും സൂക്ഷിക്കേണ്ടതാണെന്നും സമസ്ത മുശാവറ ഉപദേശിച്ചു ".

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img