02:13pm 18 November 2026
NEWS
സമസ്തകേരള സാഹിത്യപരിഷത്ത് ശതാബ്ദി നിറവിൽ.
17/11/2026  03:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സമസ്തകേരള സാഹിത്യപരിഷത്ത് ശതാബ്ദി നിറവിൽ

 

കൊച്ചി: കേരളമെന്ന സംസ്ഥാനം രൂപീകൃതമാകുന്നതിനും മുമ്പ് ഐക്യകേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങിയ സമസ്തകേരള സാഹിത്യപരിഷത്ത് ശതാബ്ദി നിറവിൽ. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ നവംബർ 21 ന് കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ജന്മശതാബ്ദി വർഷത്തിൽ രാജ്യത്തിന്‍റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് സെമിനാറുകളും പ്രദർശനങ്ങളും സംഘടിപ്പിക്കുമെന്ന് പരിഷത്ത് അധ്യക്ഷൻ ഡോ.ടി.എസ്. ജോയി പത്രസമ്മേളനത്തിൽ അറിയിച്ചു.

എറണാകുളം ടി.ഡി.എം.ഹാളിൽ 21 ന് വൈകീട്ട് 4.30 ന് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ മുഖ്യാതിഥിയാണ്. പ്രമുഖ ഇന്ത്യൻ എഴുത്തുകാരൻ വിവേക് ഷൻബാഗ് മുഖ്യ പ്രഭാഷണം നടത്തും. കൊച്ചി മേയർ അഡ്വ.വി.കെ.മിനിമോൾ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്യും. പ്രസിഡന്‍റ് ഡോ. ടി.എസ്.ജോയി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ ടി.ജെ.വിനോദ്, മുഹമ്മദ് ഷിയാസ്, കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹക സമിതിയംഗം കെ.പി രാമനുണ്ണി, പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, വൈസ് പ്രസിഡന്‍റ് ഡോ.എം.സി. ദിലീപ് കുമാർ, ട്രഷറർ ഡോ. അജിതൻ മേനോത്ത് എന്നിവർ പ്രസംഗിക്കും. വൈകീട്ട് ആറിന് ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി അവതരിപ്പിക്കുന്ന ദൃശ്യകലാവിഷ്കാരം ‘രസസഞ്ചാര’ അരങ്ങേറും.

ഒരു വർഷത്തെ ആഘോഷത്തിൻ്റെ ഭാഗമായി മേഖലാതല സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കും. തിരുവനന്ത പുരം, കൊച്ചി, കോഴിക്കോട് ആലപ്പുഴ, പൊന്നാനി എന്നിവടങ്ങളിലായിരിക്കും സാഹിത്യോത്സവങ്ങൾ. വിദ്യാർഥികളെ ഭാഷാപഠനത്തിലേക്കു ആകർഷിക്കുന്നതിനായി ക്യാമ്പസ് സാഹിത്യോത്സവങ്ങളും മത്സരങ്ങളും  സംഘടിപ്പിക്കുമെന്ന് ടി.എസ്. ജോയ് പറഞ്ഞു.

മലയാള സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും വളർച്ചയിൽ നിർണായകമായ സ്വാധീനമാണ് പരിഷത്തിനുള്ളത്. 1926 നവംബറിൽ ഇടപ്പള്ളിയിൽ സാഹിത്യ തൽപ്പരരായ ഒരു സംഘം ചെറുപ്പക്കാർ രൂപീകരിച്ച സാഹിത്യ സമാജമാണ് 1927 ഏപ്രിൽ മാസത്തിൽ   സമസ്തകേരള സാഹിത്യപരിഷത്തായത്. തുടർന്ന് തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ സാഹിത്യ സമ്മേളനങ്ങൾ നടത്തി ഐക്യ കേരളം എന്ന ആശയത്തെ ആദ്യം പ്രചരിപ്പിച്ചത് സാഹിത്യ
പരിഷത്താണ്. അപ്പൻ തമ്പുരാനാണ് പരിഷത്തിന്‍റെ ആദ്യ പ്രസിഡന്‍റ്. ഇടപ്പള്ളി കരുണാകര മേനോൻ,  പി.ശങ്കരൻ നമ്പ്യാർ,  മേലങ്ങത്ത് അച്ചുതമേനോൻ എന്നിവർ സെക്രട്ടറിമാരായി.ഇടപ്പള്ളി കൃഷ്ണരാജ ദീർഘനാൾ രക്ഷാധികാരിയായിരുന്നു. 

മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍, മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍,പ്രൊഫ.ജോസഫ് മുണ്ടശ്ശേരി,എന്‍.വി കൃഷ്ണവാര്യര്‍, ഡോ.സുകുമാര്‍ അഴീക്കോട്, സി.പി.ശ്രീധരന്‍ തുടങ്ങിയവര്‍ പരിഷത്തിന്‍റെ മുന്‍കാല പ്രസിഡന്‍റുമാരാണ്. 

ഭരണഭാഷ മലയാളമാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് സാഹിത്യപരിഷത്താണ്. കേരളത്തിലെ പാഠപുസ്തകങ്ങൾക്ക് ഐക്യ രൂപം വേണമെന്ന പ്രമേയം ആദ്യം വരുന്നത് സാഹിത്യപരിഷത്തിന്‍റെ മൂന്നാം സമ്മേളനത്തിലാണ്. തിരുവനന്തപുരത്തു നടന്ന നാലാം സമ്മേളനത്തിൽ തിരുവിതാംകൂർ സർക്കാർ 250 രൂപയുടെ ധനസഹാ യവും സർക്കാർ വകുപ്പുകളുടെ സഹകരണവും ഉറപ്പാക്കിയിരുന്നു.

മലയാളത്തിൽ  ശബ്ദനിഘണ്ടു നിർമാണത്തിന് തുടക്കമിട്ടത് സാഹിത്യ പരിഷത്താണ്. സ്കൂൾ വിദ്യാഭ്യാസം മലയാളത്തിലാക്കണമെന്ന് പരിഷത്തിന്‍റെ നാലാം സമ്മേളനത്തിലെ പ്രധാന ആവശ്യമായിരുന്നു.

വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ, ട്രഷറർ ഡോ.അജിതൻ മേനോത്ത് സെക്രട്ടറിമാരായ ശ്രീമൂലനഗരം മോഹൻ, എം.കെ ശശീന്ദ്രൻ, സി.ഐ.സി.സി ജയചന്ദ്രൻ എന്നിവരും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img