
ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള തർക്കപരിഹാരം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച സുപ്രീം കോടതിയുടെ പ്രത്യേക ലോക് അദാലത്തിന് ('സമാധാൻ സമരോഹ് 2026') വൻ വിജയം. അദാലത്തിന്റെ ആദ്യദിനത്തിൽ തന്നെ 400-ലധികം കേസുകളാണ് സൗഹാർദ്ദപരമായി തീർപ്പാക്കിയത്.
16 പ്രത്യേക ലോക് അദാലത്ത് ബെഞ്ചുകളിലായി 600-ലധികം കേസുകളാണ് പരിഗണനയ്ക്കെടുത്തത്.
രണ്ട് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിമാർ അടങ്ങിയ ഓരോ ബെഞ്ചിനെയും സഹായിക്കാൻ മുതിർന്ന അഭിഭാഷകരും, അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡും മറ്റ് അഭിഭാഷകരും ഉണ്ടായിരുന്നു. വൈവാഹിക തർക്കങ്ങൾ, വസ്തു തർക്കങ്ങൾ, മോട്ടോർ വാഹന അപകട നഷ്ടപരിഹാര ക്ലെയിമുകൾ, ഭൂമി ഏറ്റെടുക്കൽ, നികുതി തർക്കങ്ങൾ, സർവീസ്-തൊഴിൽ തർക്കങ്ങൾ.ചീഫ് ജസ്റ്റിസിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ആരംഭിച്ച ഈ പ്രത്യേക ലോക് അദാലത്ത് ഓഗസ്റ്റ് 23 വരെ തുടരും. 2026 ഏപ്രിൽ 21-ന് ആരംഭിച്ച 'സമാധാൻ' (SAMADHAN) പദ്ധതിയുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.
നേരത്തെ നടപ്പാക്കിയ പ്രീ-സെറ്റിൽമെന്റ് പ്രക്രിയയിലൂടെ കേസിന്റെ സാധ്യതകൾ പരിശോധിച്ച ശേഷമാണ് വിഷയങ്ങൾ ലോക് അദാലത്തിലേക്ക് മാറ്റിയത്. വ്യവഹാരച്ചെലവ് കുറയ്ക്കാനും കേസ് നീണ്ടുപോകുന്നത് ഒഴിവാക്കാനും കോടതികളിലെ കേസുകളുടെ കെട്ടിക്കിടപ്പ് കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും. ആദ്യദിനത്തിലെ ഈ മികച്ച നേട്ടം തർക്കപരിഹാരമാർഗ്ഗമെന്ന നിലയിൽ ലോക് അദാലത്തുകളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.










