
ദോഹ: ഏഷ്യൻ ടൗൺ ആംഫിതിയേറ്ററിൽ നവംബർ 14ന് നടക്കാനിരിക്കുന്ന “ദ–ബാങ്: ദ ടൂർ റീലോഡഡ്” ലൈവ് ഷോയ്ക്കായിബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ഖത്തറിൽ എത്തി.ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ കാണാനായി നൂറുകണക്കിന് ആരാധകർ എത്തിച്ചേർന്നു. കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിലും, താരത്തെ കാണാനുള്ള ആവേശത്തിൽ ആരാധകർ നിറഞ്ഞുനിന്നു.
ക്രീം നിറത്തിലുള്ള ട്രൗസറും ലൈറ്റ് പർപ്പിൾ ടി-ഷർട്ടും ടാൻ ജാക്കറ്റും ധരിച്ച സൽമാൻ ഖാൻ
സ്റ്റൈലിഷായ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ധർമേന്ദ്രയെ ആശുപത്രിയിൽ സന്ദർശിച്ചശേഷമാണ്
മുംബൈയിൽ നിന്നും ദോഹയിലേക്ക് സൽമാൻ ഖാൻപുറപ്പെട്ടത്.തുടർച്ചയായി ലഭിക്കുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയോടെയാണ് താരം യാത്ര ചെയ്യുന്നത്. എങ്കിലും തന്റെ പ്രൊഫഷണൽ പ്രതിബദ്ധതകളിൽ ഇളവ് വരുത്താതെ ലോകമെമ്പാടുമുള്ള ആരാധകരുമായി ബന്ധം ശക്തമാക്കുകയാണ് അദ്ദേഹം.ദോഹയിലെ “ദ–ബാങ്” ഷോയിൽ സൽമാനൊപ്പം സോണാക്ഷി സിന്ഹ, ജാക്ലിൻ ഫെർണാണ്ടസ്, തമന്നാ ഭാട്ടിയ, പ്രഭുദേവ, സ്റ്റെബിൻ ബെൻ, സുനിൽ ഗ്രോവർ, മാനീഷ് പോൾ എന്നിവർ വേദി പങ്കിടും. ഷോയുടെ നിർമ്മാണം സോഹൈൽ ഖാൻ എന്റർടെയ്ൻമെന്റും ജെ.എ ഇവന്റ്സും ചേർന്നാണ് ഒരുക്കുന്നത്. സംഗീതം, നൃത്തം, കോമഡി, അതിശയകരമായ ലൈറ്റിംഗ് എന്നിവയിലൂടെ ദോഹയെ ചൂടുപിടിപ്പിക്കാനൊരുങ്ങുകയാണ് ബോളിവുഡ് ടീം.










