
മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവന വിവാദമായതോടെ, ലീഗ് നേതൃത്വം, പാർട്ടി സെക്രട്ടറിയെ തിരുത്തിയെങ്കിലും ലീഗിന്റേയും, സി.പി.എമ്മിന്റേയും പ്രവർത്തകർക്കിടയിൽ വിഷയം എരിവും, ചൂടും പകർന്ന് നീറിപ്പുകയുകയാണ്. മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗവും, മുൻ സെക്രട്ടറിയും ആയിരുന്ന കെ.എസ് ഹംസ പി.എം.എ സലാമിനെതിരെ നടത്തിയ പ്രസ്താവനയും സോഷ്യൽമീഡിയായിൽ വൈറലായിട്ടുണ്ട്.
''മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ'' എന്നായിരുന്നു പി.എം.എ സലാം ലീഗ് യോഗത്തൽ പ്രസംഗിച്ചത്. 'ആൺകുട്ടികളുള്ള വീട്ടിൽ' പി.എം.എ സലാമിനെ കേറ്റാൻ കൊള്ളില്ലെന്ന് മുൻ ലീഗ് സെക്രട്ടറിയായ കെ.എസ് ഹംസയും തിരിച്ചടിച്ചു. പ്രസ്താവനകൾ 'പൂത്തിരി' കളായി മിന്നിയതോടെ അനുകൂല- പ്രതികൂലമായി സോഷ്യൽമീഡിയായും സജീവമാണ്.
രാഷ്ട്രീയ മര്യാദകൾ പാലിക്കാതെ, ലീഗ് സെക്രട്ടറി നടത്തിയ പ്രസ്താവന തരം താഴ്ന്നതാണ്, വ്യക്തി അധിക്ഷേപം പിൻവലിച്ച് പി.എം.എ സലാം കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സലാമിനെതിരെ മന്ത്രി വി ശിവൻകുട്ടിയും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാരിന്റെ നേതൃ നായകനായ മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകർക്കാമെന്ന് ആരും കരുതേണ്ട, രാഷ്ട്രീയ വിമർശങ്ങൾക്ക് അവസരം ലഭിയ്ക്കാതിരിക്കുമ്പോൾ മോശം പരാമർശങ്ങളിലൂടെ അപകീർത്തിപ്പെടുത്താം എന്നുള്ളത് മണ്ടത്തരമാണ്. ലീഗിന്റെ സാംസ്‌കാരിക അപചയമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയറ്റിന്റെ പ്രസ്താവനയിൽ പറയുന്നത്. പി.എം.എ സലാമിന്റെ അധിക്ഷേപ പരാമർശത്തിൽ സി.പി.എം പ്രവർത്തകനായ മുഹമ്മദ് ജിഫ്രി തങ്ങൾ വാഴക്കാട് പോലീസിൽ പരാതിയും നൽകി.
സലാമിന്റെ ആവേശ പ്രസംഗം
മുഖ്യമന്ത്രിയേയും, ലൈംഗിക ന്യൂനപക്ഷങ്ങളേയും അധിക്ഷേപിച്ച് കൊണ്ടായിരുന്നു മലപ്പുറം-വാഴക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിൽ പി.എം.എ സലാം പ്രസംഗിച്ചത്. ഹൈന്ദവത്വം പ്രചരിപ്പിക്കുന്ന, തീവ്ര ഹിന്ദുത്വവാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസം നടപ്പാക്കാനുള്ള സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്രത്തിന്റെ പി എം ശ്രീ നിലപാടിനെ എതിർത്ത മുഖ്യമന്ത്രിമാരാണ്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പി എം ശ്രീ യിൽ ഒപ്പിട്ടത്. ഒന്നുകിൽ ആണാവണം അല്ലെങ്കിൽ പെണ്ണാകണം. ഇത് രണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമുക്ക് അപമാനമാണ്. ഇപ്രകാരമായിരുന്നു പി.എം.എ സലാം പ്രസംഗിച്ചത്. സലാമിന്റെ പ്രസ്താവനാ വിവാദം രൂക്ഷമായിക്കൊണ്ടിരിക്കെ സലാമിനെ തള്ളി മുസ്ലിംലീഗ് നേതൃത്വം രംഗത്ത് വന്നു. രാഷ്ട്രീയ വിമർശങ്ങൾ പ്രതിപക്ഷത്തിന്റെ ചുമതലയാണ്. എന്നാലത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേയ്ക്ക് പോകരുത് എന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പ്രതികരിച്ചു. പ്രതിപക്ഷ ബഹുമാനത്തോടെ അന്തസ്സോടെ, പ്രതികരിക്കുന്ന രീതിയാണ് മുസ്ലിംലീഗിന്റേത്. വ്യക്തി അധിക്ഷേപം ലീഗിന്റെ രീതിയല്ല. തെറ്റ് പറ്റിയാൽ ലീഗ് തിരുത്തും. ചില സമയത്ത് നാക്കുപിഴ സംഭവിക്കും. നാക്കുപിഴ ആർക്കും സംഭവിക്കാം. നാളെ തനിക്കും സംഭവിക്കാം. അങ്ങനെ വന്നാലും പാർട്ടി തിരുത്തും.
പി.എം.എ സലാമിനെ സംസ്ഥാന പ്രസിഡണ്ട് തന്നെ തിരുത്തിയിട്ടുണ്ടെന്നാണ് ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സൈബർയുദ്ധം
പാർട്ടി സെക്രട്ടറി സലാമിനെ പിന്തുണച്ചുകൊണ്ട് ലീഗിന്റെ സൈബർ പോരാളികൾ ഒരു ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സലാം, കേരളജനതയോട് മാപ്പ് പറയണമെന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ ആവശ്യത്തെ രാഷ്ട്രീയ ചർച്ചയാക്കി മാറ്റിയിരിക്കുകയാണ് മുസ്ലിംലീഗ് സൈബർ പോരാളികൾ. മാപ്പ് പറയണം എന്ന ആവശ്യം ഉന്നയിക്കുന്നതിന് സി.പി.എമ്മിന് എന്ത് യോഗ്യതയാണെന്നാണ് ലീഗ് സൈബർ പോരാളികളുടെ ചോദ്യം. കേരളത്തിലെ രാഷ്ട്രീയ വേദികളിൽ സർക്കാർ നയങ്ങളേയും, ഭരണ പരാജയത്തേയും, മത വിഭജന രാഷ്ട്രീയത്തേയും കുറിച്ച് ലീഗ് നേതാക്കൾ ന്യായമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ഇതിന് മറുപടിയായി സി.പി.എം നടത്തുന്ന ഭാഷാപ്രയോഗങ്ങൾ കേരളീയ സമൂഹത്തിന് നന്നായി അറിയാമെന്ന് ഇവർ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കലല്ല, പലതവണ പ്രയോഗിച്ച 'നികൃഷ്ട ജീവി, കുലംകുത്തി, പരനാറി, എട്ടുമുക്കാൽ അട്ടി ഇട്ടത് പോലെ' തുടങ്ങിയ നികൃഷ്ട പ്രയോഗളെല്ലാം ഇവിടെ അവശേഷിക്കുന്നുണ്ട്. പലതവണ പ്രതിപക്ഷത്തേയും, മാധ്യമങ്ങളേയും വ്യക്തിപരമായിത്തന്നെ മുഖ്യമന്ത്രി അധിക്ഷേപിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പ്രയോഗിച്ച ഇത്തരം പദങ്ങൾ ഒരു ജനാധിപത്യ നേതാവിന് യോജിച്ചതാണോ. ഈ സന്ദർഭങ്ങളിലൊന്നും സി.പി.എം ഇത്തരം പദങ്ങളുടെ അളവുകളെടുത്ത് പരിശോധിച്ചി ട്ടുമില്ല. ഇത്തരത്തിലുള്ള പ്രയോഗം മറ്റുള്ളവർ നടത്തിയാൽ അത് അധിക്ഷേപം ആക്കി സി.പി.എം മാറ്റുന്നു. കേരള രാഷ്ട്രീയത്തിൽ വാക്കുകളുടെ ഉത്തരവാദിത്തം കക്ഷി പരമായിട്ടാണ് നിർവ്വചിക്കപ്പെടുന്നത്. ഒരുകൂട്ടർ പറഞ്ഞാൽ 'അധിക്ഷേപം', മറ്റൊരു കൂട്ടർ പറഞ്ഞാൽ 'പ്രസംഗശൈലി' ഇതാണ് സ്ഥിതി. പദപ്രയോഗം രാഷ്ട്രീയത്തിന്റെ ഭാഗമാകാമെങ്കിലും, നീതിന്യായം ഒരുപോലെ പ്രയോഗിക്കണം. വിമർശനത്തിന്റെ ഭാഗമായാണ് പി.എം.എ. സലാം അത്തരത്തിലുള്ള ഭാഷാപ്രയോഗം നടത്തിയത്. സി.പി.എം നടത്തുന്നത് അഹങ്കാരത്തിന്റേയും, അധികാരത്തിന്റേയും ഭാഷയായാണ്. മുസ്ലിംലീഗ് ഉന്നയിക്കുന്ന വിമർശനങ്ങളെ അടിച്ചമർത്താൻ ഈ വിഷയം സി.പി.എം ഉപയോഗിക്കരുത്. പിണറായിയുടെ പദപ്രയോഗം പോലെ തന്നെയാണ്, പി.എം.എ സലാം നടത്തിയ പ്രയോഗമെന്നും ലീഗ് സൈബർ പോരാളിൾ ചൂണ്ടിക്കാട്ടുന്നു.
കെ.എസ് ഹംസയുടെ പ്രതികരണം
മുഖ്യമന്ത്രിക്കെതിരെ പി.എം.എ സലാം നടത്തിയ പ്രസ്താവനയോട് അത്യന്തം രൂക്ഷമായും, കടന്നാക്രമിച്ചും കൊണ്ടായിരുന്നു മുസ്ലിംലീഗ് മുൻസെക്രട്ടറിയായിരുന്ന കെ.എസ് ഹംസയുടെ പ്രതികരണം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്നാണ് സലാം പറഞ്ഞത്, സലാം ആ വർഗ്ഗത്തിൽപ്പെടുന്നത് കൊണ്ടാണ്. താനും, സലാമും ഒരുപാട്കാലം ഒരുമിച്ച് പാർട്ടിയുടെ സെക്രട്ടറിമാരായി ഇരുന്നവരാണ്. പെൺമക്കളുള്ള വീട്ടിൽ കേറ്റാൻ കൊള്ളാത്തവർ എന്നൊരു പ്രയോഗമുണ്ടല്ലോ.. എന്നാൽ 'ആൺകുട്ടികളുള്ള വീട്ടിലും' കേറ്റാൻ കൊള്ളാത്തവനാണ് ഈ സലാം. അത് നാട്ടുകാർക്ക് മുഴുവൻ അറിയാം. പാർട്ടിയിലും അതറിയാം. സലാം ആണും പെണ്ണും കെട്ടവനാണെന്ന അഭിപ്രായം അദ്ദേഹത്തിന്റെ നാട്ടുകാർക്ക് തന്നെയുണ്ട്. അയാൾ ആദ്യം നന്നാവട്ടെ. എന്നിട്ട് വേണം മറ്റുള്ളവരെ പറയാൻ. 'ഒരു തുള്ളി മദ്യം ഞങ്ങളൊന്നും വായിൽ വെച്ച് നോക്കിയിട്ടില്ല' എന്ന് അടുത്ത കാലത്ത് സി.പി.എം സെക്രട്ടറി പറയുകയുണ്ടായി. അതിനോട് പ്രതികരിക്കാൻ കഴിയാത്ത ലീഗ്‌സെക്രട്ടറിയാണ് ഈ മഹാൻ. കോഴിക്കോട്ട് സലാമിന് ഒരു ഓഫീസുണ്ടായിരുന്നല്ലോ. എട്ട് മണി കഴിഞ്ഞാൽ ആ ഓഫീസ് 'ബാറാ'യിരുന്നു. സലാമിനെ കോഴിക്കോട്ടു നിന്ന് തിരൂരങ്ങാടിയിലേയ്ക്ക് കാറിൽ കൊണ്ടുവരാൻ ചിലർ ക്യൂ നിന്നിരുന്നു. കാരണം കാറിൽ വെച്ച് വെള്ളമടിക്കാം എന്നുള്ള സൗകര്യം കൊണ്ട്. 'പച്ചയിലാണോ, കളറിലാണോ' പറഞ്ഞത് എന്ന് സലാം ഇടയ്ക്ക് ചോദിയ്ക്കുമായിരുന്നു. ഈ പ്രയോഗത്തിന്റെ പൊരുൾ സലാമിനറിയാം. കേരളത്തിന്റെ മുഖ്യമന്ത്രിയെ തരം താഴ്ന്ന രീതിയിൽ സലാം അധിക്ഷേപിച്ചത് കളറിലാണെന്നാണ് എന്റെ ഊഹം. മഹത്തായ ആശയങ്ങളുമായി നല്ലൊരു ജനത രൂപം നൽകിയ പാർട്ടി, സലാമിനെപ്പോലുള്ളവരെ കൊണ്ട് വന്ന് നശിപ്പിക്കുകയാണ്. മുസ്ലിംലീഗ് പിരിച്ച് വിടണം എന്നാവശ്യപ്പെട്ട ആളാണ് ഈ പി.എം.എ സലാമെന്നും ഒരു ഓൺലൈൻ ചാനലിന് അനുവദിച്ച കൂടിക്കാഴ്ചയിൽ ഹംസ അതിരൂക്ഷമായി തന്നെ പ്രതികരിച്ചു.










