03:35pm 10 November 2026
NEWS
പിജെ കുര്യന് കോൺഗ്രസ് വിട്ട് പുരോഗമന നിലപാടുകൾക്കൊപ്പം നിൽക്കാൻ കഴിയുമെന്ന് സജി ചെറിയാൻ
18/07/2025  10:45 AM IST
nila
പിജെ കുര്യന് കോൺഗ്രസ് വിട്ട് പുരോഗമന നിലപാടുകൾക്കൊപ്പം നിൽക്കാൻ കഴിയുമെന്ന് സജി ചെറിയാൻ

പിജെ കുര്യന് കോൺഗ്രസ് വിട്ട് പുരോഗമന നിലപാടുകൾക്കൊപ്പം നിൽക്കാൻ കഴിയുമെന്ന് മന്ത്രി സജി ചെറിയാൻ. കോൺഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരസംഗമം പരിപാടിയിൽ യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പ്രശംസിച്ചും പി ജെ കുര്യൻ സംസാരിച്ചതിന് പിന്നാലെ പി ജെ കുര്യനെതിരെ ഒരു വിഭാ​ഗം കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പി ജെ കുര്യനെ പരോക്ഷമായി ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാൻ രം​ഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി പി ജെ കുര്യനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചത്.  

ആത്മാഭിമാനമുളള ഒരാൾക്കും കോൺഗ്രസിൽ തുടരാൻ കഴിയാത്ത സാഹചര്യമാണുളളതെന്ന് സജി ചെറിയാൻ പറഞ്ഞു. വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ പി ജെ കുര്യന് ഇനിയും സംഭാവനകൾ നൽകാൻ കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പി ജെ കുര്യന്റെ വിമർശനം കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെ തുറന്നുകാട്ടുന്നതാണെന്നും വിമർശനത്തെ വ്യക്തിപരമായി ആക്രമിക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പദവികൾക്കുവേണ്ടി മുതിർന്ന നേതാവിനെ തളളിപ്പറയാൻ മടിക്കാത്ത സംസ്‌കാരം കോൺഗ്രസിൽ വളർന്നുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ പി ജെ കുര്യൻ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. 

മന്ത്രി സജി ചെറിയാന്റെ കുറിപ്പ് ഇങ്ങനെ: 

'യുവ നേതാക്കളെ ടെലിവിഷനിൽ മാത്രമേ കാണുന്നുളളുവെന്ന പി ജെ കുര്യന്റെ നിരീക്ഷണം യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്ന് കോൺഗ്രസിന്റെ യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ എത്രത്തോളം വ്യതിചലിച്ചുവെന്ന് തുറന്നുകാട്ടുന്നു. എസ്എഫ്ഐയുടെ പ്രവർത്തനശൈലി മാതൃകയാക്കണം എന്ന അദ്ദേഹത്തിന്റെ നിർദേശം സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുകയും ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന യുവജന പ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ചുളള തിരിച്ചറിവായിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നുവന്ന, മതന്യൂനപക്ഷ വിഭാഗത്തിൽ നിന്നുളള മുതിർന്ന നേതാവാണ് പി ജെ കുര്യൻ. മധ്യതിരുവിതാംകൂറിൽ കോൺഗ്രസിന് ന്യൂനപക്ഷ വോട്ടുകൾ നേടിക്കൊടുക്കുന്നതിൽ അദ്ദേഹത്തിന്റെ സ്വാധീനം നിർണായകമായിരുന്നു. ഒരു യാഥാർത്ഥ്യം ചൂണ്ടിക്കാണിച്ച മുതിർന്ന നേതാവിനെ കടന്നാക്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. യൂത്ത് കോൺഗ്രസ് ഈ നിഷേധാത്മക സമീപനം അവസാനിപ്പിക്കണം. ധാർമ്മികത ഉയർത്തിപ്പിടിച്ച് ഈ വിഷയത്തിൽ പി ജെ കുര്യൻ നിലപാടെടുക്കുമെന്ന് വിശ്വസിക്കുന്നു. കോൺഗ്രസിന്റെ ജീർണിച്ച രാഷ്ട്രീയ സംസ്‌കാരത്തിൽ നിന്ന് പുറത്തുകടന്ന് പുരോഗമനപരമായ നിലപാടുകളോടൊപ്പം നിൽക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു'.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img