11:10am 29 August 2026
NEWS
നടൻ പ്രേംകുമാർ ക്രിസ്റ്റൽ ക്ലിയറായിട്ടുള്ള ഇടതുപക്ഷക്കാരനാണെന്ന് മന്ത്രി സജി ചെറിയാൻ
03/11/2025  01:46 PM IST
nila
നടൻ പ്രേംകുമാർ ക്രിസ്റ്റൽ ക്ലിയറായിട്ടുള്ള ഇടതുപക്ഷക്കാരനാണെന്ന് മന്ത്രി സജി ചെറിയാൻ

തൃശ്ശൂർ: നടൻ പ്രേംകുമാർ ക്രിസ്റ്റൽ ക്ലിയറായിട്ടുള്ള ഇടതുപക്ഷക്കാരനാണെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാൻ. ഇടതുപക്ഷ മുന്നണി സർക്കാരിന്റെ കാലത്ത് അദ്ദേഹത്തിന് വലിയ അം​ഗീകാരം നൽകിയെന്നും മന്ത്രി പറഞ്ഞു. പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയത് സംബന്ധിച്ച വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

പഴയ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അത് സ്വാഭാവികമായ പ്രക്രിയയാണെന്നും അതിനപ്പുറം അതിശയപരമായ ഒന്നുമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: 

'അവരുടെ കാലാവധി കഴഞ്ഞു. അപ്പോൾ സ്വാഭാവികമായും പുതിയ ഭാരവാഹികളെ തീരുമാനിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അത് തീരുമാനിച്ചു, ഉത്തരവ് പുറപ്പെടുവിച്ചു എന്നതിനപ്പുറത്തേക്ക് അതിശയപരമായി ഒന്നുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രേംകുമാറിനോട് പറഞ്ഞുകാണുമെന്നാണ് ഞാൻ വിചാരിച്ചത്. ഞാൻ വിദേശത്തായിരുന്നു. പറയേണ്ട ഉത്തരവാദിത്തം അക്കാദമിയിലെ ഭാരവാഹികൾക്കാണ്. പറഞ്ഞുകാണുമെന്നാണ് ഞാൻ വിശ്വസിച്ചത്. അത് ഞാൻ തിരക്കിയില്ല'.

'ഇടതുപക്ഷ മുന്നണി സർക്കാരിന്റെ കാലത്ത് അദ്ദേഹത്തിന് കൊടുത്ത അംഗീകാരം ചെറിയ കാര്യമാണോ? ആശാ സമരത്തെക്കുറിച്ച് അദ്ദേഹം എവിടെയാണ് അഭിപ്രായം പറഞ്ഞത്, എനിക്ക് അറിയില്ല. അദ്ദേഹം ഇന്നുവരെ ഇടതുപക്ഷ വിരുദ്ധമായി അഭിപ്രായം പറഞ്ഞുഞാൻ കേട്ടിട്ടില്ല. അദ്ദേഹം ക്രിസ്റ്റൽ ക്ലിയറായിട്ടുള്ള ഇടതുപക്ഷക്കാരനാണ്. അദ്ദേഹത്തിന് നല്ല പരിഗണനയാണ് സർക്കാരും പാർട്ടിയും നൽകിയത്. അദ്ദേഹം നന്നായി പ്രവർത്തിക്കുകയുംചെയ്തു. നല്ല സേവനം നൽകി'.

'ഞാൻ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. അദ്ദേഹത്തെ ഇരുത്തി, അദ്ദേഹം ചെയ്ത സേവനങ്ങളെക്കുറിച്ച് പരസ്യമായി പ്രസംഗിച്ചു. അദ്ദേഹത്തിന് ഒരുപ്രയാസവും ഉണ്ടാവേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തെ സ്‌നേഹിച്ചും കൂടെ നിർത്തിയും ഒരുമിച്ചാണ് ഞങ്ങൾ പോയത്. സംഘാടനമികവ് ഒരാളുടേത് മാത്രമല്ല. സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഫലവും കൂട്ടായ പ്രവർത്തനവുമാണ്. ചുമതല ഏറ്റെടുക്കുമ്പോൾ അദ്ദേഹം ഉണ്ടായിരുന്നുവെന്നാണ് ഞാൻ മനസിലാക്കിയത്'.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img