07:08pm 12 November 2026
NEWS
ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു; വിവാദ പ്രസ്താവന പിൻവലിച്ച് മന്ത്രി സജി ചെറിയാൻ
21/01/2026  12:14 PM IST
nila
ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു; വിവാദ പ്രസ്താവന പിൻവലിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കാസർകോടിനെയും മലപ്പുറത്തെയും കുറിച്ചുള്ള തന്റെ വിവാദ പ്രസ്താവനയിൽ ഖേദം രേഖപ്പെടുത്തി  മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിക്കുന്നതായും അദ്ദേഹം അറിയിച്ചു. സജി ചെറിയാന്റെ പരാമർശങ്ങൾ രാഷ്ട്രീയമായി വിമർശനങ്ങൾക്ക് ഇടയായതിനെ തുടർന്ന് പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് മന്ത്രി നിലപാട് തിരുത്തിയത്. കാസർകോടും മലപ്പുറത്തും ജയിച്ചവരെ വിലയിരുത്തിയാൽ വർഗീയ ധ്രൂവീകരണം വ്യക്തമാകുമെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തിയ ഈ പരാമർശം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രസ്താവന വിവാദമായതോടെ സജിയുടെ വാക്കുകൾ തള്ളിക്കളയുകയോ, അല്ലെങ്കിൽ മന്ത്രിയെക്കൊണ്ട് തന്നെ തിരുത്തൽ വരുത്തിക്കുകയോ വേണമെന്ന ആവശ്യം പാർട്ടിയിലെ പ്രധാന നേതാക്കൾ ഉൾപ്പെടെ നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ച് പരാമർശം പിൻവലിച്ചത്.

സജി ചെറിയാന്റെ പ്രസ്താവന:

കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നു. എന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.

രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഎം പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം വർഗീയതയോടു സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എന്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.

എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img