
തോപ്പുംപടി: ദക്ഷിണേന്ത്യയിലേക്ക് രാഷ്ടപതിയുടെ മെഡൽ ആദ്യമായി കൊണ്ട് വരികയും മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത പ്രശസ്ത സിനിമ നിർമാതാവ് ടികെ പരീക്കുട്ടിയുടെ സ്മരണക്കായി സ്മാരകം നിർമിക്കണമെന്ന് കൊച്ചിയിലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ 'നാടക്' കൊച്ചി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
പരീക്കുട്ടി നിർമിച്ച സൈന തിയേറ്റർ അദ്ദേഹത്തിന്റെ പേരിൽ ചലച്ചിത്ര മ്യൂസിയമടങ്ങുന്ന ടൂറിസം ഷോപ്പിങ് സെൻ്ററായി മാറ്റാൻ കൊച്ചി നഗരസഭ നടപടിയെടുക്കണം.
സ്കൂൾ കുട്ടികൾക്കും സ്ത്രീകൾക്കും നാടക പരിശീലന കളരികൾ സംഘടിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.
പഞ്ചായത്ത് തല സാംസ്കാരിക കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലാനത്ത് ജോൺ സ്മാരകേന്ദ്രം സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കൊച്ചിൻ ബാബു പ്രസിഡൻ്റായി പതിനഞ്ചംഗ മേഖല കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
നാടക് മലപ്പുറം ജില്ല സെക്രട്ടറി സുധീർ ബാബു സമ്മേളനം ഉൽഘാടനം ചെയ്തു. കൊച്ചിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ഷാബു കെ മാധവൻ, ഫ്രാൻസീസ് ഈരവേലിൽ, എ.എച്ച്. ഷാനവാസ്, ഭാസി പനക്കൻ, വി.പി സ്റ്റാലിൻ, കെ.ആർ ഷിജു രാജ്, അഡ്വ: കെ.എ സലിം, അബ്ദുല്ല മട്ടാഞ്ചേരി, മീനരാജ് പള്ളുരുത്തി, ക്ലമൻ്റ് റോബർട്ട് ഫെർണാണ്ടസ്, ചിദംബരം, ഇന്ദു ജ്യോതിഷ്, കലാമണ്ഡലം ജയൻ, ബ്രിട്ടോ വിൻസൻ്റ്, ആസിഫ് മട്ടാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google









