
തിരുവനന്തപുരം: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി ( അധ്യക്ഷനുമായിരുന്ന മാധവ് ഗാഡ്‌ഗിൽ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഇന്ത്യൻ പരിസ്ഥിതി ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്.
പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനായി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് ദേശീയതലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. പ്രകൃതിയെ സംരക്ഷിക്കാതെ മനുഷ്യന് നിലനിൽപ്പില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
പരിസ്ഥിതി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഗാഡ്‌ഗിൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകളിലൂടെ കേരളത്തിലെ സാധാരണക്കാർക്കിടയിൽ പോലും ഏറെ പരിചിതനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തിലെ ഓരോ പാറക്കൂട്ടത്തിനും ജീവജാലങ്ങൾക്കും വേണ്ടി അദ്ദേഹം ശബ്ദമുയർത്തി.
പ്രകൃതിയും വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് ലോകത്തിന് കൃത്യമായ ദിശാബോധം നൽകിയ ശാസ്ത്രജ്ഞനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. പ്രിയപ്പെട്ട പരിസ്ഥിതി പ്രവർത്തകന് കേരളശബ്ദത്തിന്റെ ആദരാഞ്ജലികൾ.











