
ദോഹ: വേനൽക്കാലത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് തടയാൻ ജാഗ്രതാ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. കൃത്യമായ മുൻകരുതലുകളും ബോധവൽക്കരണവും വഴി അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാകുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
ചൂട് അധികമാകുമ്പോൾ കാറുകൾക്കുള്ളിലെ താപനില അപകടകരമായ രീതിയിൽ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ വാഹനത്തിനുള്ളിൽ വെക്കാൻ പാടില്ലാത്ത പ്രധാനപ്പെട്ട കാര്യങ്ങൾ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക 'എക്സ്' (X) ഹാൻഡിലിലൂടെ പങ്കുവെച്ചു.മൊബൈൽ ഫോണുകളോ പോർട്ടബിൾ ചാർജറുകളോ (പവർ ബാങ്കുകൾ) യാതൊരു കാരണവശാലും വാഹനത്തിനുള്ളിൽ ഉപേക്ഷിച്ചു പോകരുത്. ഉയർന്ന ചൂടിൽ ഇവ പൊട്ടിത്തെറിക്കാൻ സാധ്യതയേറെയാണ്.
തീപിടുത്തത്തിന് പെട്ടെന്ന് കാരണമായേക്കാവുന്ന ഗ്യാസ് ലൈറ്ററുകൾ വണ്ടിയിൽ സൂക്ഷിക്കരുത്.സുഗന്ധദ്രവ്യങ്ങൾ, ഹാൻഡ് ഡിസിൻഫെക്റ്റന്റുകൾ, മറ്റ് എളുപ്പത്തിൽ തീപിടിക്കുന്ന ദ്രാവകങ്ങൾ (Flammable materials) എന്നിവ കാറിനുള്ളിൽ വെയ്ക്കുന്നത് ഒഴിവാക്കുക.വാഹനത്തിന്റെ ഇലക്ട്രിക്കൽ സിസ്റ്റങ്ങളിൽ സുരക്ഷിതമല്ലാത്ത രീതിയിലുള്ള യാതൊരുവിധ കൂട്ടിച്ചേർക്കലുകളോ മാറ്റങ്ങളോ വരുത്തരുത്. ഇത് ഷോർട്ട് സർക്യൂട്ടിന് വഴിതുരന്നേക്കാം.
അപകടരഹിതമായ ഒരു വേനൽക്കാലം ഉറപ്പാക്കാൻ പൊതുജനങ്ങളും വാഹന ഉടമകളും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.










