
ദോഹ:തെരുവുനായകളെ നേരിടുമ്പോൾ പൊതുജനം പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം (MoI) പുറത്തിറക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഇൻഫോഗ്രാഫിക്കുകളിലൂടെയാണ് തെരുവുനായകളുടെ ശരീരഭാഷ മനസ്സിലാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ മന്ത്രാലയം വിശദീകരിച്ചത്.
തെരുവുനായകൾ സാധാരണയായി കൗതുകം കൊണ്ടോ ഭക്ഷണം തേടിയോ ആളുകളെ സമീപിക്കാമെന്നും, ഭയം അല്ലെങ്കിൽ ഭീഷണി അനുഭവപ്പെടുമ്പോഴാണ് ആക്രമണ സ്വഭാവം കാണിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വന്തം പ്രദേശവും കുട്ടികളെയും സംരക്ഷിക്കാനുള്ള സ്വാഭാവിക പ്രവണതയും ഇവയ്ക്കുണ്ടാകും.
തെരുവുനായയെ നേരിട്ടാൽ ഉടൻ നിൽക്കുകയും നിലവിളിക്കാതെയും പെട്ടെന്ന് ചലിക്കാതെയും ഇരിക്കണമെന്നും നിർദേശിച്ചു. ഓടിപ്പോകുന്നത് നായയുടെ പിന്തുടരൽ സ്വഭാവം ഉണർത്തുമെന്നതിനാൽ ഒഴിവാക്കണം. സാധ്യമായാൽ ബാഗ്, വാഹനം, മരങ്ങൾ എന്നിവ തടസ്സമായി ഉപയോഗിച്ച് നായയുമായുള്ള അകലം പാലിക്കണം. പതുക്കെ പിന്നോട്ട് മാറി പ്രദേശം വിട്ടുപോകുകയാണ് സുരക്ഷിതമെന്ന് മന്ത്രാലയം അറിയിച്ചു.
ആക്രമണം ഉണ്ടായാൽ നായയ്ക്ക് പിൻതിരിഞ്ഞുനിൽക്കാതെ ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് സ്വയം സംരക്ഷിക്കണം. തെരുവുനായകൾ കൂടുതലുള്ള പ്രദേശങ്ങൾ, പ്രത്യേകിച്ച് രാത്രിയിൽ, ഒഴിവാക്കണമെന്നും ഒരേ സ്ഥലത്ത് സ്ഥിരമായി നായകൾക്ക് ഭക്ഷണം നൽകുന്നത് അവിടം തങ്ങളുടെ പ്രദേശമായി കരുതാൻ ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നായക്കുട്ടികൾ ഉള്ള ഇടങ്ങളിൽ നിന്നും അകലം പാലിക്കാനും, നായയുടെ കണ്ണിലേക്ക് നേരിട്ട് നോക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.
നായ കടിയേറ്റാൽ പരുക്ക് ചെറുതാണെന്നു തോന്നിയാലും ഉടൻ സമീപത്തെ ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ എത്തി പേവിഷബാധ വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർബന്ധമായി ഓർമ്മിപ്പിച്ചു. തെരുവുനായകളെക്കുറിച്ച് അറിയിക്കാൻ 2346555 എന്ന നമ്പറിൽ ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റിലെ പോലീസ് കൈനൈൻ വിഭാഗത്തെ ബന്ധപ്പെടാമെന്നും അറിയിച്ചു











