10:13am 19 October 2026
NEWS
സുപ്രീം കോടതിയുടെ ചരിത്രപരമായ ഇടപെടൽ: പ്രൈമറി തലം മുതൽ സ്കൂളുകളിൽ 'സുരക്ഷിത സ്പർശനവും' 'സമ്മതവും' പഠിപ്പിക്കണം; അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷാ കവചം
19/10/2026  08:27 AM IST
നിയമകാര്യ ലേഖകൻ
സുപ്രീം കോടതിയുടെ ചരിത്രപരമായ ഇടപെടൽ: പ്രൈമറി തലം മുതൽ സ്കൂളുകളിൽ സുരക്ഷിത സ്പർശനവും സമ്മതവും പഠിപ്പിക്കണം; അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷാ കവചം

ന്യൂഡൽഹി: കുട്ടികൾക്കെതിരായ അതിക്രമങ്ങളും ഓൺലൈൻ ചൂഷണങ്ങളും തടയുന്നതിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. കുട്ടികൾക്ക് പ്രൈമറി ക്ലാസുകൾ മുതൽ തന്നെ സ്വന്തം ശരീരത്തെക്കുറിച്ചും, സുരക്ഷിതമായ സ്പർശനവും (Safe Touch) സുരക്ഷിതമല്ലാത്ത സ്പർശനവും തിരിച്ചറിയാനുള്ള ബോധവും നൽകണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഡിജിറ്റൽ സുരക്ഷയും ബോധവൽക്കരണ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
​കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ ഓൺലൈൻ പ്രചാരണവും ചൂഷണങ്ങളും തടയുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ പരിശോധിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണങ്ങളും ഉത്തരവുകളും. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ നേരത്തെ തിരിച്ചറിയാനും തടയാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയൊരു സുരക്ഷാ കവചമായി മാറേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കുന്നു.
​അധ്യാപകർക്കും ജീവനക്കാർക്കും പ്രത്യേക പരിശീലനം
കുട്ടികളിലെ പെരുമാറ്റവ്യതിയാനങ്ങൾ, കുട്ടികളെ വശത്താക്കുന്ന രീതികൾ (Grooming), ഓൺലൈൻ പീഡനങ്ങൾ എന്നിവ തിരിച്ചറിയാൻ അധ്യാപകർക്കും മറ്റ് സ്കൂൾ ജീവനക്കാർക്കും കർശന പരിശീലനം നൽകണം. കുട്ടികൾ ഇത്തരം പ്രശ്നങ്ങൾ തുറന്നുപറയുമ്പോൾ വളരെ സെൻസിറ്റീവായി ഇടപെടാനും, നിയമപരമായ റിപ്പോർട്ടിങ് ബാധ്യതകൾ മനസ്സിലാക്കാനും ഇവർക്ക് കഴിയണം.
​ഹെൽപ്പ്‌ലൈൻ നമ്പറുകൾ പ്രദർശിപ്പിക്കണം
സ്കൂളുകൾ, ഹോസ്റ്റലുകൾ, ലൈബ്രറികൾ, കമ്പ്യൂട്ടർ ലാബുകൾ എന്നിവടങ്ങളിലും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകളും സഹായ വിവരങ്ങളും കുട്ടികൾക്ക് വ്യക്തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം.
​പാഠ്യപദ്ധതി രൂപീകരണവും രക്ഷിതാക്കളുടെ പങ്കാളിത്തവും
ഇതിനായി എൻ.സി.ഇ.ആർ.ടി (NCERT)-യും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കൗൺസിലുകളും വിദഗ്ധരുടെ സഹായത്തോടെ അനുയോജ്യമായ പാഠ്യപദ്ധതി തയ്യാറാക്കണം. അപരിചിതമായ പെരുമാറ്റങ്ങൾ തിരിച്ചറിയാനും, സ്വന്തം സ്വകാര്യത സംരക്ഷിക്കാനും, വിശ്വസ്തരായ മുതിർന്നവരുടെ സഹായം തേടാനും കുട്ടികളെ പ്രാപ്തരാക്കുന്നതാകണം ഈ പാഠങ്ങൾ.
​കൂടാതെ, ഓൺലൈൻ ലോകത്തെ അപകടങ്ങളെക്കുറിച്ചും സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും രക്ഷിതാക്കൾക്കായി സ്കൂളുകൾ നിരന്തരമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്
​സർക്കാരുകളുടെ ഉത്തരവാദിത്തം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനായി വിപുലമായ ബോധവൽക്കരണ ക്യാമ്പെയ്‌നുകൾ നടത്തണം. അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്ക് സൗജന്യ കൗൺസിലിങ്, മാനസിക പിന്തുണ, ആവശ്യമായ തെറാപ്പി എന്നിവ ഉറപ്പാക്കണമെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img