01:27pm 09 November 2026
NEWS
സേഫ് ഫുട്ട്പാത്ത് ക്യാമ്പയിൻ; വഴിയോര കച്ചവടക്കാരുടെ പ്രതിഷേധം ശക്തിപ്പെടുന്നു.
10/07/2026  12:09 PM IST
വിഷ്ണുമംഗലം കുമാർ
സേഫ് ഫുട്ട്പാത്ത് ക്യാമ്പയിൻ; വഴിയോര കച്ചവടക്കാരുടെ പ്രതിഷേധം ശക്തിപ്പെടുന്നു

ബംഗളുരു: നഗരം വർഷങ്ങളായി അനുഭവിച്ചുപോരുന്ന ഒരു ഗൗരവ പ്രശ്നമാണ് വഴിയോരകച്ചവടക്കാരുടെ ഫുട്ട്പാത്ത് കയ്യേറ്റം. മെജസ്റ്റിക്, ശിവാജിനഗർ, മല്ലേശ്വരം, ജയനഗർ തുടങ്ങിയ നഗരഭാഗങ്ങളിലെ പ്രധാനറോഡുകളിലെയും ഇടറോഡുകളിലെയും ഫുട്ട് പാത്തുകൾ അനധികൃതമായി കയ്യേറി സ്വന്തമാക്കിയാണ് വഴിയോര വാണിഭക്കാർ ബിസിനസ് നടത്തിപ്പോരുന്നത്. കാൽനടക്കാർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. ജനപ്രിയനും സത്യസന്ധനുമായ കൃഷ്ണ ബൈരെ ഗൗഡയ്ക്കാണ് ഡി കെ ശിവകുമാർ മന്ത്രിസഭയിൽ നഗരവികസന വകുപ്പ് ലഭിച്ചത്. നഗരത്തിലെ ബൈട്ടരായണ പുരയിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. കൃഷ്ണ ബൈരെഗൗഡ തുടക്കം കുറിച്ച സേഫ് ഫുട്ട്പാത്ത് ക്യാമ്പയിൻ പദ്ധതിയ്ക്ക് പൊതുസമൂഹത്തിൽ നിന്ന് നല്ല സ്വീകാര്യത ലഭിക്കുകയും നഗരവാസികൾ ആ സദുദ്യമത്തെ സർവ്വത്മനാ  സ്വാഗതം ചെയ്യുകയും ചെയ്തു. നഗരത്തിൽ 923 കിലോമീറ്റർ പ്രധാന റോഡുകളും 1017 കിലോമീറ്റർ ഇടറോഡുകളുമുണ്ട്. ഈ റോഡുകളുടെ ഫുട്ട് പാത്തുകളിൽ നല്ലൊരു ഭാഗം വഴിയോര കച്ചവടക്കാർ കയ്യടക്കിയിരിക്കുകയാണ്. മന്ത്രി കൃഷ്ണ ബൈരെഗൗഡയുടെ നിർദ്ദേശപ്രകാരം ഗ്രേറ്റർ ബംഗളുരു അതോറിറ്റി കഴിഞ്ഞ ആഴ്ച ആരംഭിച്ച ഫുട്ട്പാത്ത് മോചിപ്പിക്കൽ പദ്ധതിയുടെ ഫലമായി ഏതാണ്ട് ഇരുനൂറു കിലോമീറ്റർ പാതയോരം വീണ്ടെടുത്തുകഴിഞ്ഞു. പാതയോര കച്ചവടക്കാർക്ക് കാൽനടക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാത്ത മറ്റു സ്ഥലം നൽകുമെന്ന് ഗവണ്മെന്റ് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ ആൾത്തിരക്കില്ലാത്ത ഭാഗത്തേക്ക്‌ കച്ചവടം മാറ്റാൻ രണ്ടും മൂന്നും തലമുറകളായി പാതയോരത്ത് കച്ചവടം ചെയ്തിരുന്നവർ തയ്യാറല്ല. അക്കൂട്ടത്തിൽ നല്ലൊരു വിഭാഗം സ്ത്രീകളാണ്. താമസ സ്ഥലത്തുനിന്നും അധികം ദൂരെ പോയി കച്ചവടം ചെയ്യാൻ അവർക്ക് പ്രയാസമുണ്ട്. വഴിയോര കച്ചവടക്കാർക്ക് ശക്തമായ യുണിയനുകളുണ്ട്. ഫ്രീഡം പാർക്കിൽ പ്രതിഷേധം നടത്തിയ ആയിരക്കണക്കിന് വഴിയോര കച്ചവടക്കാർ തങ്ങളെ പഴയ സ്ഥലത്തുതന്നെ കച്ചവടം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഗവണ്മെന്റിന് അത് പക്ഷെ സാധ്യമല്ല. പലരും പഴയ സ്ഥലത്തുതന്നെ താൽക്കാലിക കച്ചവട സംവിധാനവുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗവണ്മെന്റ് ആകട്ടെ നൂറുകണക്കിന് ജീവനക്കാരെ ഉപയോഗിച്ച് അഞ്ചു കോർപറേഷനിലെയും ഫുട്ട്പാത്ത് ശുദ്ധീകരിക്കൽ പ്രക്രിയ ഊർജ്ജിതപ്പെടുത്തിയിരിക്കയാണ്. നയപരമായ തീരുമാനമായതിനാൽ മന്ത്രിക്ക് പിന്നോട്ടുപോകാനാകില്ല. വഴിയോര കച്ചവടക്കാരാവട്ടെ പ്രതിഷേധം നഗരം മുഴുവൻ വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img