03:02am 04 September 2026
NEWS
സുരക്ഷിത ഇലക്ട്രിക് സ്കൂട്ടറുകൾ, മരുന്ന് വെന്റിങ് മെഷീൻ, രക്ത പുനരുപയോഗ ഉപകരണം മുതവായവ ഒരുക്കി കുസാറ്റിൽ ഉന്നതവിദ്യാഭ്യാസ എക്‌സ്‌പോ
13/01/2025  06:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സുരക്ഷിത ഇലക്ട്രിക് സ്കൂട്ടറുകൾ, മരുന്ന് വെന്റിങ് മെഷീൻ, രക്ത പുനരുപയോഗ ഉപകരണം മുതവായവ ഒരുക്കി കുസാറ്റിൽ ഉന്നതവിദ്യാഭ്യാസ  എക്‌സ്‌പോ
HIGHLIGHTS

പ്രദർശനം തിങ്കളാഴ്ച  മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

 

കൊച്ചി: കൊച്ചി  ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും  കേരള  സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന  അന്താരാഷ്‌ട്ര  സമ്മേളനത്തിന്റെ  ഭാഗമായി  2025  ജനുവരി  13  മുതൽ  15 വരെ സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ഹയർ എജ്യുക്കേഷൻ എക്‌സ്‌പോ ഇന്നലെ  രാവിലെ 11 മണിക്ക് കുസാറ്റ് സെമിനാർ കോംപ്ലക്സിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക, ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഗവേഷണ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും വേദി ഒരുങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വിവിധ സർവകലാശാലകളുടെയും കോളേജുകളുടെയും സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 33 സ്റ്റാളുകളാണ് പ്രദർശന വേദിയിൽ ഒരുങ്ങിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും തുറന്ന ചർച്ചയ്ക്കുമുള്ള സൗകര്യങ്ങളും വേദിയിലുണ്ട്. നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി വിദ്യാർഥികൾ നിർമ്മിച്ച വിവിധങ്ങളായ ഉൽപ്പന്നങ്ങളാണ് സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. പഠന പ്രക്രിയയ്ക്ക് പുറമെ വിവിധ രാജ്യാന്തര മത്സരങ്ങൾക്ക് വേണ്ടി നിർമ്മിച്ച ഉല്പന്നങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ്. വിദ്യാർത്ഥികൾ നിർമ്മിച്ച അതീവ സുരക്ഷ പ്രദാനം ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ, സൈക്കിളുകൾ, ബൈക്കുകൾ, ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കുന്നതിനുള്ള മെഡിക്കൽ വെന്റിങ് മെഷീൻ, മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കുന്നതിനുള്ള ഉപകരണം, അക്വാകൾച്ചർ ഫാർമേർസിനായുളള മരുന്നുകൾ, പ്രസവ സമയത്ത് സ്ത്രീ ശരീരത്തിൽ നിന്നും നഷ്ടമാകുന്ന രക്തം പുനരുപയോഗിക്കുന്നതിനുള്ള ഉപകരണം, സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ് സംവിധാനം, മുറിവുകൾ ഉണക്കാൻ പ്രകൃതിയിൽ നിന്നും സൃഷ്ടിക്കുന്ന മരുന്നുകൾ, സോളാർഅധിഷ്ഠിത കോക്കനട്ട് ഡൈനിങ് മെഷീൻ എന്നിവയ്ക്ക് പുറമെ വിവിധ സ്റ്റാർട്ട്‌ അപ്പ് കമ്പനികളുടെ എക്സ്പോ, യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും വിവിധങ്ങളായ കോഴ്സുകൾ പരിചയപ്പെടുത്തുന്നതിനുള്ള സ്റ്റോളുകളും സജ്ജീകരിച്ചിട്ടുണ്ട്.

കുസാറ്റിലെ വിവിധ വിഭാഗങ്ങൾ, മഹാത്മാഗാന്ധി സർവകലാശാല, കേരള സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള കാർഷിക സർവകലാശാല, എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ്, കേരള ഡിജിറ്റൽ സർവകലാശാല, തുടങ്ങിയവയുടെയും വിവിധ കോളേജുകളുടെയും സ്റ്റാളുകൾ ഒരുങ്ങിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, കുസാറ്റ് വൈസ് ചാൻസിലർ ഡോ എം. ജുനൈദ് ബുഷിരി, കുസാറ്റ് രജിസ്ട്രാർ ഡോ. എ യു അരുൺ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ കെ. കെ സാജു , ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി. പി ജഗതി രാജ്, കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കൾ,  അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ:ഉന്നതവിദ്യാഭ്യാസ  എക്‌സ്‌പോ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. മുൻ വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ കെ. കെ സാജു, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി. പി ജഗതി രാജ്, കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കൾ, കുസാറ്റ് വൈസ് ചാൻസലർ ഡോ എം. ജുനൈദ് ബുഷിരി, കുസാറ്റ് രജിസ്ട്രാർ ഡോ. എ യു അരുൺ എന്നിവർ സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img