
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കുക മാത്രമല്ല, മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യമാണ് പാർട്ടി മുന്നിൽ കാണുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും ഇത്തവണ നിയമസഭയിൽ ലീഗിന് ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പാർട്ടി നിലപാടുകൾ വ്യക്തമാക്കിയത്.
മലപ്പുറത്തെ പരീക്ഷണങ്ങൾ ഫലിക്കില്ല
മലപ്പുറം ജില്ലയിൽ സ്വതന്ത്രരെ മത്സരിപ്പിച്ച് ലീഗിന്റെ മുന്നേറ്റം തടയാമെന്ന സി.പി.എം കണക്കുകൂട്ടലുകൾ ഇത്തവണയും പാഴാകും. എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം നടത്തുന്ന ഈ പരീക്ഷണം ഇത്തവണ ഫലം കാണില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മത്സരിക്കുന്ന 27 സീറ്റുകളിലും ശക്തമായ തയ്യാറെടുപ്പുകൾ ലീഗ് പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി ലീഗ് കരുത്ത് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ രൂക്ഷവിമർശനം
തുടർച്ചയായ ഇടതുഭരണം ജനങ്ങളിൽ മടുപ്പുണ്ടാക്കിയിരിക്കുകയാണ്. സി.പി.എം സ്വേച്ഛാധിപത്യ പ്രവണതയിലേക്കാണ് നീങ്ങുന്നത്. സമരങ്ങളെ അടിച്ചമർത്തുകയും ദ്രോഹിക്കുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത്തരം ഏകാധിപത്യ പ്രവണതകളെ കേരളം പൊറുക്കില്ലെന്ന് തങ്ങൾ പറഞ്ഞു. പ്രീപോൾ ഫലങ്ങൾ എന്തുതന്നെയായാലും യഥാർത്ഥ ഫലം വരുമ്പോൾ യു.ഡി.എഫ് അതിശക്തമായി അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അവിശുദ്ധ ബന്ധങ്ങൾ തിരിച്ചറിയപ്പെടും
സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തങ്ങൾ പറഞ്ഞു. എങ്കിലും ഇത്തരം കള്ളക്കളികൾ മലയാളി തിരിച്ചറിയും. വർഗീയ സംഘടനയെന്ന് മുദ്രകുത്തുന്ന എസ്.ഡി.പി.ഐയെ രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം കൂടെക്കൂട്ടുന്നത് പരിഹാസ്യമാണെന്നും തങ്ങൾ വിമർശിച്ചു.
സ്ഥാനാർത്ഥി നിർണയവും അച്ചടക്കവും
പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ എല്ലാവരെയും പരിഗണിക്കുക പ്രായോഗികമല്ല. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പാർട്ടി നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ ചർച്ച ചെയ്ത് അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.











