
ന്യൂഡൽഹി: ചായ കുടിക്കുന്നത് ഗോഹത്യയ്‌ക്ക് തുല്യമാണെന്ന വിവാദ പ്രസ്താവനയുമായി ആത്മീയപ്രഭാഷക സാധ്വി ശ്രദ്ധ ഗോപാൽ. ഹിന്ദുക്കൾ ചായ കുടിക്കരുതെന്നും അവർ തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സൈബറിടങ്ങളിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാജസ്ഥാൻ സ്വദേശിനിയാണ് ശ്രദ്ധ ഗോപാൽ.
“സംസ്കാരം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഹിന്ദുക്കൾ ചായയും കാപ്പിയും ഉപേക്ഷിക്കണം” എന്നാണ് ദീദി എന്നറിയപ്പെടുന്ന ശ്രദ്ധ ഗോപാൽ ആഹ്വാനം ചെയ്തത്. മുൻകാലങ്ങളിൽ നമ്മുടെ പൂർവികർ ചായ ഇല്ലാതെയും ആരോഗ്യത്തോടെ ജീവിച്ചിരുന്നുവെന്നും, ചായ കുടിക്കാതെ ജീവിക്കാൻ കഴിയില്ലെന്ന ധാരണ തെറ്റാണെന്നും അവർ പറഞ്ഞു. ചായ ഉപേക്ഷിക്കുമ്പോൾ തലവേദന പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാമെങ്കിലും അതിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു. ചായ കുടിക്കാത്തവരാണ് കൂടുതൽ ആരോഗ്യത്തോടെ പ്രവർത്തിക്കുന്നതെന്നും അവർ പ്രസംഗത്തിൽ അവകാശപ്പെട്ടു.
ഗോ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകുന്നുണ്ട്. നിരവധിപേരാണ് ശ്രദ്ധയുടെ പ്രസംഗങ്ങൾ കേൾക്കാനെത്തുന്നത്. ശ്രദ്ധ മണ്ടത്തരമാണ് പറയുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.











