03:13am 11 November 2026
NEWS
കേരളം ട്വന്റി 20 ഭരിക്കും സാബു എം.ജേക്കബ്
10/08/2025  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളം ട്വന്റി 20 ഭരിക്കും സാബു എം.ജേക്കബ്
HIGHLIGHTS

ട്വന്റി20 പാര്‍ട്ടി കുന്നത്തുനാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കുന്നത്തുനാട് എസ്.എന്‍.ഡി.പി. ശാഖ ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്യന്നു

പട്ടിമറ്റം :  അടുത്ത തവണ കേരളം ട്വന്റി 20 ഭരിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. പട്ടിമറ്റത്ത് സംഘടിപ്പിച്ച കുന്നത്തുനാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. സംസ്ഥാന  ഭരണം പിടിക്കുന്നതിന് മുന്നോടിയായി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 60 പഞ്ചായത്തിലും, 4 മുനിസിപ്പാലിറ്റിയിലും, കൊച്ചി കോര്‍പ്പറേഷനിലും ഭരണം പടിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു. ട്വന്റി 20 പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളില്‍ ജനങ്ങളുടെ പേരില്‍ കോടികള്‍ നിക്ഷേപമുണ്ട്. കിഴക്കമ്പലത്ത് 32 കോടി, ഐക്കരനാട് 14 കോടി. കേവല ഭൂരിപക്ഷം മാത്രമുളള കുന്നത്തുനാട് പഞ്ചായത്തില്‍ ഒരുകോടി 14 ലക്ഷം നീക്കിയിരിപ്പ് ഉണ്ട്. അഴിമതി രഹിതമായി മുഴുവന്‍ വികസന പ്രവര്‍ത്തനവും നടത്തിയതിനുശേഷമാണ് ഇത്രയും തുക നീക്കിയിരിപ്പ് ഉണ്ടായത്. കുന്നത്തുനാടിന്റെ വികസനം തടയുന്ന എകശക്തി ഭരണകക്ഷി എംഎല്‍എയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ പണം ജനങ്ങള്‍ക്ക് മടക്കിനല്‍കുന്നതിന്റെ ഭാഗമായി വൈദ്യുതിക്കും, പാചക വാതകത്തിനും സബ്‌സിഡി നല്‍കുമെന്നും സാബു ജേക്കബ് പ്രഖ്യാപിച്ചു. ചടങ്ങില്‍  കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ഡേവിസ്, ട്വന്റി 20 പാര്‍ട്ടി വൈസ് പ്രസിഡന്റ് വി.ഗോപകുമാര്‍,സ്‌റ്റേറ്റ് കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അഡ്വ.ചാര്‍ളി പോള്‍, ബെന്നി ജോസഫ് , എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.വൈ അബ്രാഹം, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് ജിബി എബ്രാഹം, സെക്രട്ടറി ജിന്റോ ജോര്‍ജ്, നിയോജകമണ്ഡലം എക്‌സിക്യൂട്ടീവ് മെമ്പര്‍ സജി ഏലിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img