
ട്വന്റി20 പാര്‍ട്ടി പുത്തന്‍കുരിശ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ട്വന്റി20 പാര്‍ട്ടി വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന പാര്‍ട്ടിയുടെ വടുവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. വടവുകോട് പുത്തന്‍ കുരിശ് പഞ്ചായത്തിനെ ട്വന്റി20 അധികാരത്തിലെത്തിയാല്‍ ഭീകര ദുരന്തമായേക്കാവുന്ന മാലിന്യ പ്രശനം എന്നെന്നേക്കുമായി പരിഹരിക്കുമെന്ന് സാബു എം. ജേക്കബ്ബ് പറഞ്ഞു. ഇടതു വലതു മുന്നണികൾ മാറിമാറി ഭരിച്ചു വ്യവസായ സ്ഥാപനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും ഭീമമായ തുകകൾ കൈപറ്റി നാടിനെ മാലിന്യത്തിൽ മുക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ കാൻസർ രോഗികളും, ശ്വാസകോശ രോഗികളും ഉള്ള പഞ്ചായത്തായി വടവുകോട് പുത്തന്‍കുരിശ് മാറിയിരിക്കുന്നു. കുടിവെള്ളത്തിൽ പോലും വിഷം കലർന്ന അവസ്ഥയാണ് പഞ്ചായത്തിലുള്ളത്. ഇന്ന് ഏറ്റവും കൂടുതല്‍ വരുമാനമുളള പഞ്ചായത്താണ് വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തെങ്കിലും പ്രദേശത്ത് ഒരു വഴിവിളക്കോ നല്ല ഒരു റോഡോ ഉണ്ടാക്കാൻ മാറി മാറി ഭരിക്കുന്ന മുന്നണികള്‍ക്ക് സാധിച്ചിട്ടില്ല. പുത്തെന്കുരിശിനെ ഈ അഴിമതിയിൽ നിന്നും മാലിന്യ പ്രശ്നത്തിൽ നിന്നും മോചിപ്പിക്കാൻ ട്വന്റി20 ക്കു മാത്രമേ സാധിയ്ക്കുവെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു.
പാർട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍, സ്റ്റേറ്റ് കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. ചാര്‍ളി പോള്‍, ജില്ലാ കോര്‍ഡിനേറ്റര്‍ പി. വൈ അബ്രാഹം, കുന്നത്ത് നാട് നിയോജകമണ്ഡലം പ്രസിഡന്റ് ജിബി എബ്രാഹം, നിയോജകമണ്ഡലം കമ്മിറ്റിയംഗങ്ങളായ പി.വൈ മത്തായി, പീറ്റര്‍ കെ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Photo Courtesy - Google








