01:07am 27 September 2026
NEWS
ചാനലിന്റെ വ്യാജ ആരോപണം തെളിയിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍ക്ക് 20 കോടി ഇനാം പ്രഖ്യാപിച്ച് സാബു എം. ജേക്കബ്
26/09/2026  06:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചാനലിന്റെ വ്യാജ ആരോപണം തെളിയിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍ക്ക് 20 കോടി ഇനാം പ്രഖ്യാപിച്ച് സാബു എം. ജേക്കബ്

കിഴക്കമ്പലം : കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ 20 കോടി രൂപ ഇനാം നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കിറ്റെക്‌സിനും, മാനേജിംഗ് ഡയറക്ടര്‍ക്കും എതിരെ അപകീര്‍ത്തികരമായ ലേഖനങ്ങള്‍, പ്രസ്താവനകള്‍, വാര്‍ത്തകള്‍ എന്നിവ എഴുതുന്നതും നിര്‍മ്മിക്കുന്നതും അപ്ലോഡ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും പുനഃപ്രസിദ്ധീകരിക്കുന്നതും പൂര്‍ണ്ണമായി തടഞ്ഞുകൊണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 10-ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ അടിയന്തര ഉത്തരവ് നിലനില്‍ക്കെയാണ് റിപ്പോട്ടര്‍ ചാനല്‍ കഴിഞ്ഞ ദിവസം വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്.  സാബു എം. ജേക്കബിന്റെയും കിറ്റെക്സ് ഗ്രൂപ്പിന്റെയും സല്‍പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിലുള്ള യാതൊരുവിധ അസത്യ പ്രചാരണങ്ങളും ഡിജിറ്റല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, സാറ്റലൈറ്റ് ടെലിവിഷന്‍, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങി ഒരു മാധ്യമത്തിലൂടെയും വരാന്‍ പാടില്ലെന്ന അസന്നിദ്ധ ഉത്തരവാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്റിപ്പോര്‍ട്ടര്‍ ചാനല്‍ നിരന്തരം വ്യാജ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിനെതിരെയാണ് കിറ്റെക്സ് ഗ്രൂപ്പ് കോടതിയെ സമീപിച്ചതും  ഉത്തരവ് സമ്പാദിച്ചതും. എന്നാല്‍  കോടതി ഉത്തരവുകള്‍ക്ക് പുല്ല് വിലകല്‍പ്പിച്ചാണ് 25.09.2026-ന് രാവിലെ മുതല്‍ കിറ്റെക്സ് ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ ബ്രേക്കിംഗ് ന്യൂസ് എന്ന പേരില്‍ വ്യാജ വാര്‍ത്ത  സംപ്രേക്ഷണം ചെയ്തത്. ഇതിനെതിരെ കോടതി അലക്ഷ്യത്തിന് കോടതിയെ സമീപിക്കും. 

റിപ്പോര്‍ട്ടര്‍ ചാനലിന്റെ വ്യാജ ആരോപണങ്ങളും അതിനുള്ള മറുപടിയും

1) ഭൂമിയുടെ മൂല്യവും, വായ്പ്പയും : 

3,000 കോടി രൂപ മൂല്യം കാണിച്ച് 2,000 കോടി രൂപയുടെ വായ്പ തട്ടിയെടുത്തു എന്ന ആരോപണം തെറ്റാണ്. യഥാര്‍ത്ഥ ലോണ്‍ തുക 1,040 കോടി രൂപ മാത്രമാണ്. ഇതില്‍ ഭൂമിയുടെ മൂല്യമായി കാണിച്ചിരിക്കുന്നത് 38 കോടി രൂപയാണ്. 

2) ഭൂമിയുടെ ഉടമസ്ഥാവകാശം : 
പ്രസ്തുത ഭൂമി ഗവണ്‍മെന്റില്‍ നിന്ന് ലീസിന് എടുത്തതല്ല. ഗവണ്‍മെന്റ് നിശ്ചയിച്ച മുഴുവന്‍ തുകയും നല്‍കി വാങ്ങിയ സ്വന്തം ഭൂമിയാണ് (Own Land).

3) ഡിപിആറും തെലങ്കാന ഗവണ്‍മെന്റും : 
തെലങ്കാന ഗവണ്‍മെന്റിനും ബാങ്കിനും ഒരേ ഡിപിആര്‍ (DPR) തന്നെയാണ് നല്‍കിയിട്ടുള്ളത്. 1,118 കോടി രൂപയുടെ പ്രോജക്റ്റില്‍ ഭൂമിയുടെ വിലയായി 38 കോടി രൂപ തന്നെയാണ് കാണിച്ചിരിക്കുന്നത്. തെലങ്കാന ഗവണ്‍മെന്റുമായുള്ള എം.ഒ.യു (MOU) പ്രകാരം 187.2 ഏക്കര്‍ സ്ഥലത്തിന്റെ മൂല്യം 38 കോടി രൂപ തന്നെയാണ്. 

4) എന്‍ഒസിയും കരാറും : 
ഭൂമി വിലകൊടുത്ത് വാങ്ങി രജിസ്റ്റര്‍ ചെയ്ത്  കൈവശാവകാശവും ലഭിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് 1,040 കോടി രൂപയുടെ ലോണ്‍ എടുക്കുന്നതിനായി തെലങ്കാന സര്‍ക്കാര്‍ തന്നെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും (NOC) നല്‍കിയിട്ടുണ്ട്.

5) എസ്.ബി.ഐ വിഷയം : 
എസ്.ബി.ഐ ക്യാപ്പിറ്റലില്‍ നിന്ന് 900 കോടി രൂപ എടുത്തു എന്നത് വ്യാജ വാര്‍ത്തയാണ്. എസ്.ബി.ഐയും, എസ്.ബി.ഐ ക്യാപിറ്റലും കിറ്റെക്സിന് ഒരു രൂപ പോലും വായ്പ നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന കത്ത് നല്‍കിയിട്ടുണ്ട്. 

6) ലോണും, ലോണ്‍ നല്‍കിയ ബാങ്കുകളുടെ നിലപാടും :
ആക്സിസ് ബാങ്ക് ലീഡ് ബാങ്ക് ആയുള്ള 6 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് 1040 കോടിയുടെ വായ്പ ലഭ്യമാക്കിയിട്ടുള്ളത്. ബാങ്ക് അക്കൗണ്ട് തികച്ചും തൃപ്തികരമാണെന്നും (Satisfactory), തിരിച്ചടവില്‍ വീഴ്ചകള്‍ ഒന്നുംതന്നെയില്ലെന്നും (No overdues), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ബാങ്കുകളുടെയും നിബന്ധനകള്‍ പാലിച്ചാണ് ലോണ്‍ നല്‍കിയിട്ടുള്ളതെന്നും ബാങ്ക് വ്യക്തമാക്കി കത്ത് നല്‍കിയിട്ടുണ്ട്. ഈ കണ്‍സോര്‍ഷ്യത്തില്‍ എസ്.ബി.ഐ ഇല്ല.

7)തിരിച്ചടവ് : 
ലോണ്‍ കാലാവധി ഓമ്പത് വര്‍ഷമാണ്.2025 ഒക്ടോബര്‍ മുതല്‍ കൃത്യമായി തിരിച്ചടവ് ആരംഭിച്ചിട്ടുണ്ട്.  നിലവില്‍ 995 കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്. ഈ തുക അടുത്ത ഏഴ് വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി. 

8) ഓഹരി ഉടമകളുടെ അനുമതി : 
ഓഹരി ഉടമകളുടെ പൊതുയോഗം കൂടി 3,000 കോടി രൂപ വരെ ലോണ്‍ എടുക്കാനും അതിനുള്ള ഗ്യാരണ്ടി നില്‍ക്കാനുമുള്ള അനുമതി ഓഹരി ഉടമകള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ രേഖകള്‍ സെബി, എന്‍.എസ്.സി, ബി.എസ്.സി എന്നിവയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യവുമാണ്.

9) കിറ്റെക്സ് നഷ്ടത്തിലാണെന്ന ആരോപണം : 
തെലങ്കാനയിലെ ഫാക്ടറി നാല് വര്‍ഷമായി നഷ്ടത്തിലാണെന്ന ആരോപണം തെറ്റാണ്. 2025 ഓഗസ്റ്റില്‍ മാത്രമാണ് അവിടെ ഉല്‍പദനം തുടങ്ങിയത്. 

10) കിറ്റെക്‌സ് ഗാര്‍മെന്റ് നഷ്ടമാണെന്ന ആരോപണം

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് കഴിഞ്ഞ 26 വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി ഓഹരി ഉടമകള്‍ക്ക് ഡിവിഡന്റും നല്‍കി വരുന്നു. ഇത് പബ്ലിക് ഡോക്കുമെന്റ് ആണ്.  
 

11) കമ്പനികളുടെ ലയനം 

കിറ്റെക്‌സ് അപ്പാരല്‍സിനെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സുമായി ലയിപ്പിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കമ്പനീസ് ആക്ടിനെക്കുറിച്ചുള്ള അജ്ഞത മൂലമാണ് പ്രചരിപ്പിക്കുന്നത്. സെബി, കമ്പനി രജിസ്ട്രാര്‍, ആര്‍.ബി.ഐ എന്നിവയുടെയും ഷെയര്‍ഹോള്‍ഡര്‍മാരുടെയും ബോര്‍ഡിന്റെയും നിയമപരമായ അനുമതിയില്ലാതെ ഇത്തരം ലയനങ്ങള്‍ സാധ്യമല്ല.അങ്ങനെയുള്ള യാതൊരുവിധ തീരുമാനവും ബോര്‍ഡ് കൂടി എടുത്തിട്ടില്ല.  

12) പരവതാനി വിരിച്ച് സ്വാഗതം ചെയ്ത തെലങ്കാന സര്‍ക്കാര്‍ പെട്ടുവെന്ന എന്ന ആരോപണം :
 
തെലങ്കാന സര്‍ക്കാര്‍ ഈ വര്‍ഷം ഡിസംബറില്‍ ഹൈദരാബാദില്‍ നടത്താന്‍ പോകുന്ന ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ അപ്പാരല്‍സ് ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് മേഖലയുടെ ഉന്നമനത്തിനും, നിക്ഷേപത്തിനും രൂപീകരിച്ചിരിക്കുന്ന കമ്മിറ്റിയുടെ അഡൈ്വസറായി നിയമിച്ചുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ദ റെഡ്ഡി നേരിട്ട് കത്തയച്ചിട്ടുണ്ട്. കൂടാതെ തെലങ്കനയില്‍ മുഖ്യമന്ത്രിയുടെ മണ്ഡത്തില്‍ അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും നീളം കൂടിയ ഫാക്ടറിയാണ് സീതാറാംപൂരില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്. കോട്ടണ്‍ ഉല്‍പാദനത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തുള്ള തെലങ്കാന സംസ്ഥനത്തെ ഉല്‍പാദനത്തിന്റെ പതിനഞ്ച് ശതമാനം കോട്ടണ്‍ അവിടെ തന്നെ സംസ്‌കരിക്കാനുള്ള ഫാക്ടറിയും ആരംഭിച്ചുകഴിഞ്ഞു. തെലങ്കാനയിലെ രണ്ട് ഫാക്ടറികളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണ തോതിലാകുന്നതോടെ 4000-ാം കോടിയുടെ നിക്ഷേപവും, 36000 തെഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെടുന്നത്. 

കമ്പനിയുടെ സുതാര്യമായ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും തെറ്റിദ്ധാരണ പരത്താനുമാണ് ഇത്തരം വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത്.  ഈ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കേരളത്തിലും തെലങ്കാനയിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തില്‍ കിറ്റെക്‌സ് അപ്പാരല്‍സ് തെലങ്കാന സി.എഫ്.ഒ അനു അറയ്ക്കല്‍, കിറ്റെക്‌സ് ഗാര്‍മെന്റ് ലിമിറ്റഡ് സി.എഫ്.ഒ ബോബി മൈക്കിള്‍ എന്നിവരും  പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img