12:33pm 02 May 2026
NEWS
ശബരിമല യുവതീപ്രവേശന വിഷയത്തിൽ മാർച്ച് 14നകം നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി
16/02/2026  11:42 AM IST
nila
ശബരിമല യുവതീപ്രവേശന വിഷയത്തിൽ മാർച്ച് 14നകം നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾ മാർച്ച് 14നകം തങ്ങളുടെ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. മതാചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പ്രാഥമികപരിഗണന നടത്തിയത്. വിഷയത്തിന്റെ ഭരണഘടനാപരമായ പ്രാധാന്യം കണക്കിലെടുത്ത്, കേസുകൾ പരിഗണിക്കാൻ ഒമ്പത് അംഗ ബെഞ്ച് രൂപീകരിച്ചതായും കോടതി അറിയിച്ചു.

ഹർജികളിൽ ഏപ്രിൽ 7ന് വാദം ആരംഭിക്കും. ഏപ്രിൽ 22 വരെ വാദങ്ങൾക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. വാദത്തിനും മറുവാദത്തിനും രണ്ട് ദിവസം വീതം അനുവദിക്കും. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയടക്കമുള്ള കേസുകളാണ് പരിഗണനയിൽ. പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്.

സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന 67 ഹർജികളാണ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ശബരിമല യുവതീപ്രവേശം, ഇതരമതസ്ഥനെ വിവാഹം ചെയ്യുന്ന പാർസി സ്ത്രീകളുടെ ആരാധനാവകാശം, ദാവൂദി ബോറ വിഭാഗത്തിൽ പെൺകുട്ടികളുടെ ചേലാ കർമ്മം, മസ്ജിദുകളിലെ സ്ത്രീപ്രവേശം എന്നിവയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും ഒമ്പത് അംഗ ബെഞ്ച് പരിശോധിക്കും. മതസ്വാതന്ത്ര്യവും ലിംഗസമത്വവും തമ്മിലുള്ള സമതുലനം നിർണയിക്കുന്ന സുപ്രധാന വിധികളിലേക്കാണ് ഈ കേസുകൾ വഴി കോടതി കടക്കുന്നത് എന്നതാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img