11:36pm 01 October 2026
NEWS
ശബരിമല യുവതീപ്രവേശന കേസ്: ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധി എഴുതിത്തുടങ്ങി; സുപ്രീം കോടതിയിൽ നിർണായക നീക്കം
01/10/2026  07:21 PM IST
nila
ശബരിമല യുവതീപ്രവേശന കേസ്: ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധി എഴുതിത്തുടങ്ങി; സുപ്രീം കോടതിയിൽ നിർണായക നീക്കം

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നിർണായക കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധി എഴുതിത്തുടങ്ങിയതായി റിപ്പോർട്ട്. ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ വിധിയെഴുതാൻ ആരംഭിച്ച ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് നാഗരത്‌നയെന്നാണ് റിപ്പോർട്ടുകൾ.

ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധി എഴുതിത്തുടങ്ങിയതായി റിപ്പോർട്ട് ചെയ്തത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസം നീണ്ട വാദം കേട്ട ഒൻപതംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് നാഗരത്‌ന.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവിധ നിയമ, ഭരണഘടനാ വിഷയങ്ങളാണ് ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്നത്. കേരള സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഹാജരായത്. മതപരമായ ആചാരങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാൻ കഴിയുമെന്നതും ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേസിൽ പ്രധാന ചർച്ചകളാണ്.

യുവതീപ്രവേശനത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്ന നിലപാട് സ്വീകരിക്കാതെയാണ് സംസ്ഥാന സർക്കാർ വാദങ്ങൾ എഴുതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. മതപരമായ ആചാരങ്ങളിൽ കോടതികളുടെ ഇടപെടലിന് പരിധികളുണ്ടെങ്കിലും, കോടതികൾക്ക് യാതൊരു അധികാരവുമില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.

വിശ്വാസികൾ സാധാരണയായി ആചാരങ്ങളുടെ യുക്തി പരിശോധിച്ചല്ല അവ പിന്തുടരുന്നതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. വിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യാറില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം, വിശ്വാസമില്ലാത്തവർക്ക് ആചാരങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളും വാദത്തിനിടെ ചർച്ചയായി.

ശബരിമലയിലെ ആചാരം കേരളത്തിലെ സമൂഹം മതത്തിന്റെ അവിഭാജ്യ ഘടകമായി അംഗീകരിച്ചിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ വി. ഗിരി വാദിച്ചു. മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടുമ്പോൾ അതിന്റെ യുക്തിയോ ന്യായമോ പരിശോധിക്കുന്ന തരത്തിലുള്ള പരിശോധനകൾ ഒഴിവാക്കണമെന്നും പന്തളം കൊട്ടാരത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സായി ദീപക് വാദിച്ചു.

ഇത്തരം നിരവധി ഭരണഘടനാ, മതസ്വാതന്ത്ര്യ, ലിംഗസമത്വ വിഷയങ്ങൾ പരിഗണിച്ച ശേഷമാണ് ഒൻപതംഗ ബെഞ്ച് വിധിയിലേക്ക് നീങ്ങുന്നത്. ജസ്റ്റിസ് നാഗരത്‌ന വിധി എഴുതിത്തുടങ്ങിയെന്ന റിപ്പോർട്ട് ഇതോടെ ശബരിമല കേസിലെ അടുത്ത ഘട്ടത്തിലേക്ക് സുപ്രീം കോടതി കടന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img