12:35am 13 November 2026
NEWS
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തെ ചോദ്യം ചെയ്യുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് പുന്നല ശ്രീകുമാർ
17/02/2026  06:22 AM IST
nila
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തെ ചോദ്യം ചെയ്യുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് പുന്നല ശ്രീകുമാർ

കൊച്ചി: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള 2018 സെപ്തംബർ 28-ലെ വിധിക്കെതിരായ ഹർജികളിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തെ ചോദ്യം ചെയ്യുന്നവർക്കു രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണുള്ളതെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. വിഷയവുമായി ബന്ധപ്പെട്ട് അറുപതിലധികം പുനഃപരിശോധന ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഹർജിക്കാരിൽ ഒരാളായ ക്ഷേത്രം തന്ത്രിയെ ഉൾപ്പെടുത്തിയ കേസുകളിൽ അന്വേഷണ ഏജൻസികളും കോടതിയും ശബരിമലയിൽ ഗുരുതരമായ ആചാരലംഘനം നടന്നതായി വ്യക്തമാക്കിയിട്ടുണ്ടെന്ന് പുന്നല ശ്രീകുമാർ ചൂണ്ടിക്കാട്ടി. അത്തരം വിഷയങ്ങളിൽ പ്രതിഷേധമോ ശക്തമായ പ്രതികരണമോ ഉണ്ടായിട്ടില്ലെന്നിരിക്കെ ഇപ്പോൾ സത്യവാങ്മൂല വിഷയത്തിൽ കാണിക്കുന്ന വ്യഗ്രത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

പുനഃപരിശോധന നടപടികളിൽ സർക്കാരിന്റെ നിലപാട് തേടേണ്ടത് പുതുതായി രൂപീകരിക്കപ്പെടുന്ന വിശാല ബെഞ്ചാണ്. കോടതി പ്രാഥമിക ഘട്ടത്തിലേക്ക് കടക്കുന്നതിനു മുൻപേ ഉയരുന്ന വിവാദങ്ങൾ വിശ്വാസസംരക്ഷണത്തിനായി അല്ലെന്നും പുന്നല ശ്രീകുമാർ ചൂണ്ടിക്കാട്ടി. പ്രായവും ലിംഗവും അടിസ്ഥാനമാക്കിയുള്ള പ്രവേശന വിലക്ക് സമത്വം, ആരാധനാസ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 2018-ൽ കോടതി വിധി പ്രസ്താവിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കാലത്തിനനുസരിച്ച് വിശ്വാസവും ആചാരങ്ങളും പരിണമിക്കണമെന്നും, മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാകുന്ന അനാചാരങ്ങളെയും യാഥാസ്ഥിതികത്വത്തെയും പുനഃസ്ഥാപിക്കാൻ നടക്കുന്ന ശ്രമങ്ങളെ സമൂഹം ഗൗരവമായി വിലയിരുത്തണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img