
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല യുവതീ പ്രവേശന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. തിങ്കളാഴ്ച്ചയാണ് ഇതുസംബന്ധിച്ച ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നത്. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച മുൻവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതിയുടെ മുന്നിലുള്ളത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസ് വീണ്ടും സജീവമാകുന്നത്.
2019-ലാണ് സുപ്രീംകോടതി ഈ വിഷയം അവസാനമായി പരിഗണിച്ചത്. കോവിഡ് സാഹചര്യം മൂലം ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വാദം മാറ്റിവെച്ചിരുന്നു. നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച ഹർജികൾ പരിഗണിക്കും. ഒമ്പതംഗ ബെഞ്ചിൽ വാദം എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത അന്നേ ഉണ്ടാകാൻ സാധ്യതയുണ്ട്. 2019-ലെ ഒമ്പതംഗ ബെഞ്ചിൽ ഉണ്ടായിരുന്ന ജഡ്ജിമാരിൽ ഇപ്പോൾ അവശേഷിക്കുന്ന ഏക ജഡ്ജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേസ് വീണ്ടും ഉയരുന്നത് രാഷ്ട്രീയപരമായി ശ്രദ്ധേയമാണ്. ഹർജികൾ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന് തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കേണ്ടി വരും. മുൻപ് യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്ന സംസ്ഥാന സർക്കാർ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ നിലപാട് മാറ്റുമോ എന്നതാണ് ചർച്ചാവിഷയം.
2018ലെ ചരിത്രവിധി
2018-ൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് വിധിച്ചിരുന്നു. ആർത്തവം അടിസ്ഥാനമാക്കി ഏർപ്പെടുത്തിയ വിലക്ക് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതാവകാശത്തിന്റെ ലംഘനമാണെന്നും അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാക്കാനാകില്ലെന്നും ഭൂരിപക്ഷം നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആർ.എഫ്. നരിമാൻ, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ സ്ത്രീപ്രവേശനം അനുമതിപ്രദമാണെന്ന് വിധിച്ചു. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകളിലെ “എല്ലാ വ്യക്തികളും” എന്ന പദപ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെടുന്നുവെന്നും ജൈവശാസ്ത്രപരമായ കാരണങ്ങളാൽ വേർതിരിവ് അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി.
എന്നാൽ ഭൂരിപക്ഷവിധിയോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര, വിശ്വാസകാര്യങ്ങളിൽ കോടതി ഇടപെടരുതെന്നും വിശ്വാസത്തെ ഭരണഘടനാപരമായ യുക്തിയാൽ അളക്കരുതെന്നും അഭിപ്രായപ്പെട്ടു. ഹർജിക്കാർ അയ്യപ്പഭക്തരല്ലാത്തവരാണെന്ന കാരണത്താൽ ഹർജി നിലനിൽക്കില്ലെന്നും അവർ നിരീക്ഷിച്ചിരുന്നു.
ഇപ്പോൾ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നതോടെ രാജ്യവ്യാപകമായി വീണ്ടും ചർച്ചകൾക്ക് തുടക്കമാകുകയാണ്.











