
ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ചിങ്ങ മാസം ഒന്നിന് പുതുവർഷ ദിനത്തിൽ (ആഗസ്റ്റ് 17) രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക.ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം 1 ന് നടക്കും. രാവിലെ ഉഷ പൂജയ്ക്കു ശേഷമാണ് ഉൾക്കഴകത്തെ തെരഞ്ഞെടുക്കുക. മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുക എന്നതാണ് ഉൾക്കഴകത്തിന്റെ ചുമതല. ചിങ്ങം 1 മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി ആഗസ്റ്റ് 24 ന് ശബരിമല നട തുറക്കും. ചിങ്ങ മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.
Photo Courtesy - Google










