05:01pm 12 November 2026
NEWS
ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച് വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമം; രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ
15/01/2026  09:22 AM IST
nila
 ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച് വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമം; രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ

സന്നിധാനം: ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച രണ്ട് ദേവസ്വം ജീവനക്കാരെ ദേവസ്വം വിജിലൻസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്ക്കൽ സുനിൽ ജി.നായർ (51) എന്നിവരാണ് പിടിയിലായത്. ഇരുവരും ശബരിമലയിൽ താത്കാലികമായി ജോലി ചെയ്തിരുന്ന ജീവനക്കാരാണ്. പ്രതികളെ സന്നിധാനം പൊലീസിന് കൈമാറി. വിദേശകറൻസികൾ ഉൾപ്പെടെ വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിക്കവെയാണ് ഇരുവരും വിജിലൻസിന്റെ പിടിയിലായത്. 

ജോലി കഴിഞ്ഞ് സന്നിധാനം വിട്ടിറങ്ങുന്നതിനിടെ നടത്തിയ പതിവ് പരിശോധനയിലാണ് ഇരുവരുടെയും വായ അസാധാരണമായി നിറഞ്ഞിരിക്കുന്നതായി ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് വിദേശകറൻസികളും സ്വർണവും കണ്ടെത്തിയത്. കോട്ടിങ് ഉള്ള വിദേശ നോട്ടുകൾ വായിൽ സൂക്ഷിച്ചാലും കേടാകില്ലെന്ന അറിവാണ് പ്രതികൾ ദുരുപയോഗം ചെയ്തതെന്ന് വിജിലൻസ് വ്യക്തമാക്കി.

ഗോപകുമാറിൽ നിന്നു മലേഷ്യൻ കറൻസിയും, സുനിൽ ജി.നായരിൽ നിന്നു യൂറോ, കനേഡിയൻ ഡോളർ, യുഎഇ കറൻസി എന്നിവയുമാണ് കണ്ടെടുത്തത്. തുടർന്ന് ഇവരുടെ താമസ മുറികളിൽ നടത്തിയ പരിശോധനയിൽ ഗോപകുമാറിന്റെ ബാഗിൽ നിന്ന് 13,820 രൂപയും (500 രൂപയുടെ 27 നോട്ടുകൾ, 100 രൂപയുടെ രണ്ട് നോട്ടുകൾ, 20 രൂപയുടെ നാല് നോട്ടുകൾ, 10 രൂപയുടെ നാല് നോട്ടുകൾ) രണ്ട് ഗ്രാം തൂക്കമുള്ള സ്വർണ ലോക്കറ്റും കണ്ടെത്തി.

സുനിൽ ജി.നായരുടെ ബാഗിൽ നിന്നു 500 രൂപയുടെ 50 നോട്ടുകൾ, 17 വിദേശകറൻസികൾ എന്നിവ അടക്കം 25,000 രൂപ പിടിച്ചെടുത്തതായി വിജിലൻസ് എസ്.പി. വി. സുനിൽകുമാർ അറിയിച്ചു.

ഇതിനിടെ, സന്നിധാനത്തുനിന്ന് സ്ഥിരമായി പണം അയച്ചിരുന്ന ദേവസ്വം ജീവനക്കാരുടെ വിവരങ്ങൾ തപാൽ ഓഫീസുകളിലും ബാങ്കുകളിലും നിന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർച്ചയായി പണം കൈമാറിയിരുന്ന നിരവധി ജീവനക്കാരെ തിരിച്ചറിഞ്ഞതായും ഇവരെ ചോദ്യം ചെയ്യുമെന്നും എസ്.പി. അറിയിച്ചു. ഇത്രയധികം പണം സന്നിധാനത്ത് നിന്ന് ഇവർക്ക് ലഭിച്ചതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. കൈക്കൂലി, മോഷണം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളാണോ നടന്നതെന്ന് കണ്ടെത്തുന്നതിനായി തപാൽ വകുപ്പും ബാങ്കുകളും ഇടപാട് വിവരങ്ങൾ കൈമാറാൻ തയ്യാറായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ അറസ്റ്റ് സാധ്യതയുണ്ടെന്നും വിജിലൻസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img