
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ശുപാർശ ചെയ്തു. കേസിന് അന്തർസംസ്ഥാന–അന്തർദേശീയ ബന്ധങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് ഐബിയുടെ നിലപാട്. നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്നത്.
സ്വർണക്കൊള്ളയോടൊപ്പം കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം കൂടി വേണമെന്ന് ഐബി നിർദേശിക്കുന്നു. ഐബിയുടെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. ശബരിമല കേസിന് അന്താരാഷ്ട്ര മാനങ്ങളുണ്ടാകാമെന്ന ഹൈക്കോടതിയുടെ ആശങ്കയാണ് ഐബിയെ പ്രാഥമിക വിവരശേഖരണത്തിലേക്ക് നയിച്ചത്. ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും അന്വേഷണം നീങ്ങുന്ന സാഹചര്യത്തിൽ, കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി. ആദ്യം റാന്നി കോടതിയെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരം കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ച ഇ.ഡി.യ്ക്ക് കേസ് രേഖകൾ കൈപ്പറ്റാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന് ശേഷം സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനാണ് നീക്കം.
ശബരിമലയിലെ സ്വർണക്കൊള്ള ‘പെരുംകൊള്ള’യെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ പ്രധാന പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീകോവിലിലെ കട്ടിളയുടെ ഏഴ് പാളികളിലെയും സ്വർണം മുഴുവൻ നീക്കം ചെയ്തതായും, പ്രഭാമണ്ഡലം, ശിവരൂപം, വ്യാളീരൂപം എന്നിവയിൽ പൊതിഞ്ഞ സ്വർണവും കവർന്നതായും റിപ്പോർട്ടിൽ പറയുന്നു. കവർന്ന സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൽ എത്തിച്ച് വേർതിരിച്ചതായാണ് അന്വേഷണ കണ്ടെത്തൽ. ഇതുവരെ ലഭിച്ചതിനേക്കാൾ കൂടുതൽ സ്വർണം കണ്ടെത്താനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും എസ്ഐടി അറിയിച്ചു.
അതേസമയം, പങ്കജ് ഭണ്ഡാരിയിൽ നിന്നും 109.243 ഗ്രാം സ്വർണവും ഗോവർധനിൽ നിന്നും 474.960 ഗ്രാം സ്വർണവുമാണ് ഇതുവരെ വീണ്ടെടുത്തത്.











