
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് തിരിച്ചടി. പ്രശാന്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യത്തിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അജികുമാറിന് ജാമ്യം നൽകിയത്.
2025ൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ ഇരുവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്.
കേസിൽ 17-ാം പ്രതിയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ദേവസ്വം ബോർഡ് മുൻ അംഗമായ എ. അജികുമാർ 18-ാം പ്രതിയാണ്. കേസിലെ മറ്റു പ്രതികൾ നടത്തിയ കുറ്റകൃത്യം മറച്ചുവയ്ക്കാൻ സഹായിക്കുന്ന തരത്തിൽ ഇരുവരും ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇതിലൂടെ ദ്വാരപാലക ശിൽപങ്ങളുടെ താങ്ങുപീഠ പാളികളിൽനിന്ന് വീണ്ടും സ്വർണം അപഹരിക്കാൻ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും 12-ാം പ്രതി പങ്കജ് ഭണ്ഡാരിക്കും സഹായം ലഭിച്ചെന്നാണ് കേസ്. കേസിൽ ഇരുവരുടെയും നടപടികൾക്ക് ദേവസ്വം ബോർഡ് ഉത്തരവ് ഒത്താശ ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.











