01:06pm 16 October 2026
NEWS
ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561

16/10/2026  11:05 AM IST
ചെറുകര സണ്ണിലൂക്കോസ്
ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി  മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561

 

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതൽ ബസുകൾ ലഭ്യമാക്കാനും ലീസ് വ്യവസ്ഥയിൽ ബസുകൾ ഏർപ്പെടുത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും പ്രത്യേക സർവീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് സ്പെഷ്യൽ സർവീസുകൾ ഉണ്ടാകും. മണ്ഡലപൂജാ ഘട്ടത്തിൽ നിലയ്ക്കലിൽ 180 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളിലായി 1456 ജീവനക്കാർ

പ്രത്യേക സർവീസുകളുടെ സുഗമമായ നടത്തിപ്പിനായി പമ്പയിലും നിലയ്ക്കലുമായി ജീവനക്കാരെ രണ്ട് ഘട്ടമായാണ് വിന്യസിക്കുക. മണ്ഡലപൂജാ ഘട്ടത്തിൽ 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തിൽ 778 ജീവനക്കാരെയും നിയോഗിക്കും. ഡ്രൈവർമാർ, കണ്ടക്ടർമാർ, ഇൻസ്പെക്ടർമാർ, മെക്കാനിക്കുകൾ, ഓഫിസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് ചുമതലപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ 325 ഡ്രൈവർമാരെയും 225 കണ്ടക്ടർമാരെയും രണ്ടാംഘട്ടത്തിൽ 375 ഡ്രൈവർമാരെയും 275 കണ്ടക്ടർമാരെയും നിയോഗിക്കും. സർവീസുകളുടെ സുരക്ഷിതവും കാര്യക്ഷമവുമായ നടത്തിപ്പിനായി ജീവനക്കാർക്ക് ഫയർ ആൻഡ് റെസ്ക്യൂ, മെഡിക്കൽ പരിശീലനങ്ങളും മെക്കാനിക്കൽ ജീവനക്കാർക്ക് വാഹന നിർമാണ കമ്പനികളുടേതുൾപ്പെടെയുള്ള പ്രത്യേക പരിശീലനങ്ങളും നൽകിയിട്ടുണ്ട്.

ബജറ്റ് ടൂറിസം സെൽ വഴി ചാർട്ടേഡ് സർവീസുകൾ

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മുഖേന ശബരിമല തീർഥാടനത്തിനായി ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കുന്നതിനും ഓൺലൈൻ റിസർവേഷൻ സൗകര്യം ഒരുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. വിവിധ ഡിപ്പോകൾക്കും പ്രത്യേക സർവീസ് കേന്ദ്രങ്ങൾക്കും സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. തീർഥാടകർക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരികയാണ്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട 70-ൽപരം ക്ഷേത്രങ്ങളുടെ വിവരം വൈകാതെ കെഎസ്ആർടിസി പ്രസിദ്ധീകരിക്കും. ജനപ്രതിനിധികളുടെ ആവശ്യങ്ങൾകൂടി പരിഗണിച്ച് പുതിയ സർവീസുകളും അധിക ട്രിപ്പുകളും ക്രമീകരിക്കും.

അടിസ്ഥാന സൗകര്യങ്ങളും ഗതാഗത നിയന്ത്രണവും

പമ്പയിലും നിലയ്ക്കലിലും സർവീസുകൾ സുഗമമായി നടത്തുന്നതിനായി ബസ് പാർക്കിങ്, ഗാരേജ് സൗകര്യങ്ങൾ, ജീവനക്കാരുടെ വിശ്രമ-താമസ സൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തും. നിലയ്ക്കലിൽ ബസുകൾക്ക് ആവശ്യമായ പാർക്കിങ് സ്ഥലം ഉറപ്പാക്കുക, അനധികൃത പാർക്കിങ് നിയന്ത്രിക്കുക, ബസ് സ്റ്റേഷൻ പരിസരത്ത് പൊലീസ് സഹായം ലഭ്യമാക്കുക, ത്രിവേണിയിൽ യാത്രക്കാർക്കായി വെയിറ്റിങ് ഷെഡും ബാരിക്കേഡ് സംവിധാനവും സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് അതീവ പ്രാധാന്യം നൽകും.

തിരക്ക് നിയന്ത്രിക്കുന്നതിനും ബസുകൾ സമയബന്ധിതമായി വിന്യസിക്കുന്നതിനും പമ്പ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ഏകോപന സംവിധാനങ്ങൾ ശക്തിപ്പെടുത്തും. തീർഥാടകരുടെ വരവും മടക്കയാത്രയും സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പമ്പയിലും നിലയ്ക്കലിലും കൂടുതൽ ബസുകൾ ക്രമീകരിക്കും. നിലയ്ക്കൽ–പമ്പ റൂട്ടിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സർവീസുകളെ ബാധിക്കുന്ന അനധികൃത സമാന്തര സർവീസുകളും പാർക്കിങ്ങും നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കും.

പമ്പ, ചെങ്ങന്നൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഭക്തജനങ്ങൾക്ക് പൂർണമായും പരാതിരഹിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി പൂർണ സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img