
പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ ഭക്തരുടെ കാര്യത്തിലും വരുമാനത്തിലും വൻ വർധനവ്. നവംബർ 15 മുതൽ ഡിസംബർ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 215 കോടിയോളമായിരുന്നു. 82 കോടി രൂപയാണ് അധികമായി ഇക്കൊല്ലം ലഭിച്ചത്. ഈ പണത്തിൽ കൂടുതലും അരവണ വിൽപനയിലൂടെയാണ് ലഭിച്ചത്. കഴിഞ്ഞ സീസണിനേക്കാൾ 22 കോടി രൂപയുടെ അരവണയാണ് അധികമായി വിറ്റത്. 80 കോടിയിലേറെ രൂപയാണ് കാണിക്കയായി ലഭിച്ചത്. കഴിഞ്ഞ വർഷത്തെ പതിമൂന്ന് കോടിയുടെ വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്.
മണ്ഡലകാലത്ത് സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണത്തിലും മുൻ വർഷങ്ങളെക്കാൾ വർധനയുണ്ടായി. കഴിഞ്ഞ മണ്ഡല കാലത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയത്. 32.5 ലക്ഷത്തോളം പേരാണ് ഇത്തവണ ദർശനം നടത്തിയത്. കഴിഞ്ഞ തവണ ഇത് 28 ലക്ഷമായിരുന്നു.
സ്പോട്ട് ബുക്കിംഗിലുടെയും പുല്ലുമേട് വഴിയും ശബരിമലയിൽ എത്തിയവരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. മകരവിളക്കിനായി കഴിഞ്ഞ തിങ്കളാഴ്ച നട തുറന്നത് മുതൽ പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. അതിനാൽ ജനുവരി 20 വരെ നീളുന്ന മകരവിളക്ക് കാലത്തും വരുമാനം കൂടാനാണ് സാധ്യത.











