
തിരുവനന്തപുരം: ശബരിമലയിൽ തീർഥാടകർ വഴിപാടായി സമർപ്പിച്ച 1.63 ലക്ഷം കിലോഗ്രാം അരി ദേവസ്വം ബോർഡിന് പണം നൽകാതെ കരാറുകാരൻ കൊണ്ടുപോയതായി വിജിലൻസ് കണ്ടെത്തൽ. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 42,37,568 രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്.
തീർഥാടകർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന അരി സന്നിധാനത്തെ വിവിധ ഭണ്ഡാരങ്ങളിലാണ് നിക്ഷേപിക്കുന്നത്. ഇതിൽ ഒരു ഭാഗം വെള്ളനിവേദ്യവും ശർക്കരപ്പായസവും തയ്യാറാക്കാൻ ഉപയോഗിക്കും. ബാക്കി വരുന്ന അരി കരാർ അടിസ്ഥാനത്തിൽ വിൽക്കുകയാണ് പതിവ്.
2025 നവംബറിൽ ശ്രീപദ്മനാഭ ട്രേഡേഴ്സിന്റെ ഉടമ അനിൽകുമാറിനായിരുന്നു അരി വിൽക്കാനുള്ള കരാർ നൽകിയത്. കിലോഗ്രാമിന് 26 രൂപ നിരക്കിൽ 2026 ഏപ്രിൽ വരെ 1,62,983.4 കിലോഗ്രാം അരിയാണ് ഇയാൾ കൊണ്ടുപോയത്. എന്നാൽ ഇതിന്റെ വിലയായി ഒരു രൂപ പോലും ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
കരാർ പ്രകാരം ഓരോ തവണയും അരി കൊണ്ടുപോകുമ്പോൾ തൂക്കം രേഖപ്പെടുത്തി പണം ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാനുള്ള ചലാൻ സ്റ്റോർ സൂപ്രണ്ട് നൽകണം. എന്നാൽ ബന്ധപ്പെട്ട ജീവനക്കാരൻ ചലാൻ നൽകിയില്ലെന്ന് മാത്രമല്ല, പണം അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തില്ല. അരി നീക്കിയതിന്റെ കണക്ക് സ്റ്റോക്ക് ലെഡ്ജറിലും രേഖപ്പെടുത്തിയിരുന്നില്ല. വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്.
സന്നിധാനത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന ബി. ദിലീപ് കുമാറിന്റെ ചുമതലക്കാലത്താണ് വീഴ്ച സംഭവിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇദ്ദേഹം മേയ് 31ന് സർവീസിൽനിന്ന് വിരമിച്ചിരുന്നു.
അരി കൊണ്ടുപോയിട്ടും പണം ലഭിക്കാത്ത വിവരം നിലവിലെ എക്സിക്യൂട്ടീവ് ഓഫീസറാണ് ദേവസ്വം കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ട് കമ്മിഷണർ കരാറുകാരന് നോട്ടീസ് നൽകിയെങ്കിലും പണം ലഭിച്ചില്ല.
കുടിശ്ശികത്തുകയും പലിശയും കരാറുകാരനിൽനിന്ന് ഈടാക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. കരാറുകാരനിൽനിന്ന് തുക ഈടാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ട കാലയളവിൽ ചുമതലയിലുണ്ടായിരുന്ന ദിലീപ് കുമാറിൽനിന്ന് തുക ഈടാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.







