07:53pm 18 April 2026
NEWS
ശബരിമല, മാളികപ്പുറം മേൽശാന്തികളെ തിരഞ്ഞെടുത്തു
18/10/2025  09:15 AM IST
nila
ശബരിമല, മാളികപ്പുറം മേൽശാന്തികളെ തിരഞ്ഞെടുത്തു

ശബരിമല മേൽശാന്തിയായി തൃശ്ശൂർ ചാലക്കുടി സ്വദേശി ഏറന്നൂർ മനയിലെ ഇ.ഡി. പ്രസാദിനെ തിരഞ്ഞെടുത്തു. കൊല്ലം കൂട്ടിക്കട സ്വദേശി മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. തുലാമാസ പൂജകൾക്കായി ശബരിമല, മാളികപ്പുറം നടകൾ തുറന്നതിന് പിന്നാലെയാണ് മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് നടന്നത്. 

നിലവിൽ ആറേശ്വരം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ മേൽശാന്തിയാണ് പ്രസാദ്. മേൽശാന്തി പദവിക്കായി മൂന്നാം തവണയാണ് പ്രസാദ് അപേക്ഷിക്കുന്നത്.  മൂന്നാമത്തെ തവണയാണ് മനു നമ്പൂതിരി അപേക്ഷിക്കുന്നത്. 

ഇന്നലെയാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. സാധാരണ മാസപൂജയ്‌ക്കായി വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നതെങ്കിലും ദ്വാരപാലക ശില്പങ്ങളിൽ നവീകരിച്ച സ്വർണപ്പാളികൾ ഉറപ്പിക്കാനുള്ളതിനാൽ ഇക്കുറി നാലുമണിക്കേ നട തുറന്നു.

പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണു തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കുക. ഇന്ന് മുതൽ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് 21-ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22-ന് രാത്രി 10-ന് നട അടയ്ക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img