05:51am 22 April 2025
NEWS
ശബരിമല മാസ്റ്റർപ്ലാൻ പണം ഇല്ലെന്നത് തടസ്സമാകരുത്
18/02/2025  06:59 PM IST
ശബരിമല മാസ്റ്റർപ്ലാൻ പണം ഇല്ലെന്നത് തടസ്സമാകരുത്

ശബരിമലയിൽ മുൻവർഷത്തേക്കാൾ ഭക്തരുടെ എണ്ണത്തിൽ 6 ലക്ഷത്തിലധികം വർദ്ധനയുണ്ടായിട്ടും, പരാതികളും പ്രശ്‌നങ്ങളും ഇല്ലാതെ മണ്ഡല- മകരവിളക്ക് തീർത്ഥാടനകാലം കടന്നുപോയി എന്നതിൽ പൊതുവിൽ എല്ലാവരും തന്നെ ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സീസണിൽ ആകെ വരവ് 440 കോടിയുണ്ടായപ്പോൾ 80 കോടിയുടെ അധികവരുമാനം ഉണ്ടായി എന്നത് ചെറിയ കാര്യമല്ല.

സർക്കാർ വകുപ്പുകളുടെ ഏകോപനവും നടത്തിപ്പിലെ ആസൂത്രണവുമാണ് പരാതിയില്ലാതെ ഭക്തജനലക്ഷങ്ങൾക്ക് ആത്മസംതൃപ്തിയോടെ ശബരിമലയിൽ നിന്ന് മടങ്ങാൻ അവസരം ഒരുക്കിയത്. ദർശനസമയം ഒരു മണിക്കൂർ നീട്ടി 18 മണിക്കൂർ ആക്കി. 18-ാം പടിയിലൂടെ മിനിട്ടിൽ 80 മുതൽ 90 പേരെ വരെ കടത്തിവിട്ടു. പതിനെട്ടാം പടി കയറ്റുന്നതിൽ പോലീസിനുണ്ടായ വീഴ്ച മൂലമാണ് മുൻവർഷം തീർത്ഥാടകരെ വഴിയിൽ ഇടയ്ക്കിടെ തടയുന്നതിനിടയാക്കിയത്. പതിനെട്ടാം പടിയിലെ പോലീസ് ഡ്യൂട്ടി 20 മിനിറ്റിൽ നിന്ന് 15 ആക്കി കുറച്ചത് കാര്യക്ഷമത ഉയർത്തി.

ക്യൂവിൽ നിന്ന മുഴുവൻ പേർക്കും ഭക്ഷണവും വെള്ളവും ക്രമീകരിച്ചിരുന്നു. നിലയ്ക്കലും പമ്പയിലും കൂടുതൽ പാർക്കിംഗ് സൗകര്യവും വിശ്രമിക്കാനുള്ള സൗകര്യവും, ഏർപ്പെടുത്തിയതും തീർത്ഥാടകർക്ക് സൗകര്യമായി.

മുൻവർഷങ്ങളിലെ തീർത്ഥാടനകാലത്തെ പോരായ്മകളും വീഴ്ചകളും വിലയിരുത്തി 6 മാസം മുമ്പേ മുതൽ കൃത്യമായി ഒരുക്കങ്ങൾ നടത്തിയതിന്റെ ഫലവും ഉണ്ടായി. തുടക്കത്തിൽ സ്‌പോട്ട് ബുക്കിംഗ് നിറുത്തലാക്കുമെന്ന പ്രഖ്യാപനം വലിയ പ്രതിഷേധത്തിനിടയാക്കിയപ്പോൾ തിരുത്താൻ തയ്യാറായതും മാതൃകാപരമായി. മകരവിളക്ക് തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും വിജയമായി. മകരജ്യോതി ദർശനത്തിനായി വലിയ ജനക്കൂട്ടം തിങ്ങി നിറഞ്ഞെങ്കിലും, കഴിഞ്ഞുമടങ്ങുമ്പോഴുള്ള തിക്കും തിരക്കും ഒഴിവാക്കാൻ പലവഴികളിലൂടെ അവരെ തിരിച്ചുവിട്ടതും ഫലപ്രദമായി.

ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും ദേവസ്വം ബോർഡ് ചെയർമാൻ പി.എസ് പ്രശാന്തും എല്ലാ കാര്യങ്ങളിലും ഇടപെട്ട് നേരിട്ട് പ്രവർത്തനങ്ങൾ നിയന്ത്രിച്ചതിന്റെ കൂടി ഫലമാണ് വീഴ്ചയും പരാതിയുമില്ലാത്ത തീർത്ഥാടനകാലം എന്നതിൽ അവർക്കും അഭിമാനിക്കാം.

ഈ നേതൃത്വമികവ് ഇനി സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച 778 കോടിയുടെ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിലും ഉണ്ടാകുമോ എന്നാണറിയേണ്ടത്. പമ്പയുടെ വികസനത്തിന് 255 കോടി രൂപയുടെ മാസ്റ്റർ പ്ലാനും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ശബരിമലയിലേക്ക് ഓരോ വർഷവും വർദ്ധിച്ചുവരുന്ന തീർത്ഥാടകരുടെ ബാഹുല്യം ഉൾക്കൊള്ളാൻ പര്യാപ്തമായ സൗകര്യങ്ങൾ നിലവിൽ ശബരിമലയിലില്ല.

ശബരിമല മാസ്റ്റർ പ്ലാനിന് മന്ത്രിസഭ അംഗീകാരം നൽകിയത് സ്വാഗതാർഹമാണെങ്കിലും, വേഗത്തിൽ പണം ലഭ്യമാക്കിയാൽ മാത്രമേ എത്രകാലം കൊണ്ട് പ്ലാൻ യാഥാർത്ഥ്യമാകും എന്നുറപ്പിക്കാൻ പറ്റൂ. അംഗീകാരം ലഭിച്ച ലേ ഔട്ട് പ്ലാൻ പ്രകാരം എട്ട് മേഖലകളായി തിരിച്ചുള്ള വികസന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിർദ്ദിഷ്ട മാസ്റ്റർ പ്ലാൻ പൂർണ്ണമായും യാഥാർത്ഥ്യമായാൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കും. ഇത് ദേവസ്വം ബോർഡിന്റെയും പരോക്ഷമായി സംസ്ഥാനത്തിന്റെയും വരുമാനവർദ്ധനവിന് സഹായകരമാകും. അതുകൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് ശബരിമല മാസ്റ്റർ പ്ലാനിന് തടസ്സമാകരുത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img