
തിരുവനന്തപുരം: ശബരിമല ശ്രീകോവിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പൂഴ്ത്തിവെച്ച 420 പേജുള്ള അതീവ നിർണായക രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. രേഖകൾ കാണാനില്ലെന്ന് ബോർഡ് വാദിച്ചിരുന്നെങ്കിലും, ദേവസ്വം ആസ്ഥാനത്തെ മരാമത്ത് ചീഫ് എൻജിനീയറുടെ ഓഫീസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് വിജിലൻസ് സംഘം ബലമായി ഇത് കണ്ടെടുത്തത്. സ്വിറ്റ്സർലൻഡിൽ നിന്ന് 24 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്തതിന്റെ രേഖകളും ഇതിൽ ഉൾപ്പെടുന്നു. രാത്രി വൈകിയും ബോർഡ് ആസ്ഥാനത്ത് വിജിലൻസ് പരിശോധന തുടരുകയാണ്.
പ്രധാന ഉദ്യോഗസ്ഥൻ വലയിൽ: ഇന്ന് അറസ്റ്റിന് സാധ്യത
കിലോക്കണക്കിന് സ്വർണം കൊള്ളയടിക്കാൻ ഒത്താശ ചെയ്ത കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥർ കേസിൽ കുടുങ്ങിക്കൊണ്ടിരിക്കുകയാണ്. മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗൂഢാലോചനയിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന സൂചനകളെ തുടർന്ന് മൂന്നാം പ്രതിയായ സുധീഷ്കുമാറിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.
അനധികൃത നീക്കങ്ങൾ: സ്വർണം പൂശാൻ ദ്വാരപാലക ശിൽപ്പങ്ങൾ അനുവദിക്കണമെന്ന് ദേവസ്വം ബോർഡിലേക്ക് നിയമവിരുദ്ധമായി റിപ്പോർട്ട് നൽകിയത് കസ്റ്റഡിയിലുള്ള സുധീഷ്കുമാറാണ്. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ലഭിച്ച ഇ-മെയിലിനെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് നൽകിയത്.
അറിഞ്ഞുകൊണ്ട് മറച്ചു: 1998-99 കാലഘട്ടത്തിൽ വിജയ് മല്യ ഏകദേശം 30.291 കിലോഗ്രാം സ്വർണം ഉപയോഗിച്ച് ശ്രീകോവിൽ മുഴുവനായും പൂശിയതായി വർഷങ്ങളായി ശബരിമലയിൽ ജോലി ചെയ്യുന്ന സുധീഷ്കുമാറിന് അറിയാമായിരുന്നു. എന്നിട്ടും, തകിടുകൾ കൊടുത്തുവിടുന്ന സമയത്ത് തയ്യാറാക്കിയ മഹസറിൽ 'വെറും ചെമ്പ്' എന്നെഴുതി ചേർത്ത്, ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരമൊരുക്കിക്കൊടുത്തു.
സ്വർണക്കൊള്ള സമയത്ത് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് സുധീഷ്കുമാറിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
കൊള്ളയുടെ വ്യാപ്തി ഇനി വ്യക്തമാകും
വിജയ് മല്യ സ്വർണം പൂശിയതിന്റെ രേഖകൾ പലവട്ടം ആവശ്യപ്പെട്ടിട്ടും കാണാനില്ലെന്ന കള്ളം പറഞ്ഞ് ബോർഡ് ഒളിപ്പിച്ചത് കൊള്ളയുടെ വ്യാപ്തി പുറത്തറിയാതിരിക്കാനായിരുന്നു.
ഈ രേഖകൾ പിടിച്ചെടുത്തതോടെ:
ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടളയിലും നിന്ന് എത്രത്തോളം സ്വർണം കവർന്നെന്ന് ഇനി വ്യക്തമായി അറിയാനാകും.
വിജയ് മല്യ നൽകിയ സ്വർണം എവിടെയെല്ലാം, എത്ര അളവിൽ ഉപയോഗിച്ചു എന്ന വിവരങ്ങൾ രേഖകളിലുണ്ട്.
രേഖകൾ വിശദമായി പരിശോധിച്ച് ഇപ്പോഴുള്ള സ്വർണ്ണത്തിന്റെ അളവ് കണക്കാക്കി, അതിലെ കുറവ് രേഖപ്പെടുത്തുന്നതോടെ കൊള്ളയടിച്ച സ്വർണ്ണത്തിന്റെ കൃത്യമായ കണക്ക് പുറത്തുവരും.











