03:47pm 12 November 2026
NEWS
ദേവാനുജ്ഞ വാങ്ങിയിരുന്നില്ല; ശബരിമലയിലെ സ്വർണ കവർച്ചക്ക് തന്ത്രി കണ്ഠര് രാജീവര് കുറ്റകരമായ മൗനാനുവാദം നൽകിയെന്ന് പ്രത്യേക അന്വേഷണ സംഘം
09/01/2026  10:04 PM IST
nila
ദേവാനുജ്ഞ വാങ്ങിയിരുന്നില്ല; ശബരിമലയിലെ സ്വർണ കവർച്ചക്ക് തന്ത്രി കണ്ഠര് രാജീവര് കുറ്റകരമായ മൗനാനുവാദം നൽകിയെന്ന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ കണ്ഠര് രാജീവര് സ്വർണ കവർച്ചക്ക് കുറ്റകരമായ മൗനാനുവാദം നൽകിയെന്ന് പ്രത്യേക അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. കോടതിയിൽ ഹാജരാക്കിയ കണ്ഠര് രാജിവരെ ജനുവരി 23 വരെ റിമാൻഡ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും.

 ക്ഷേത്രത്തിൽ നടന്ന ഗുരുതരമായ ആചാരലംഘനങ്ങൾ ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്താതെ തന്ത്രി വീഴ്ച വരുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സ്വർണപ്പാളികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുന്നത് തടയാതെ മൗനാനുവാദം നൽകിയതായും എസ്‌ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ തന്ത്രി പതിമൂന്നാം പ്രതിയാണ്. ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 

കുറ്റകൃത്യത്തിൽ കണ്ഠർ രാജീവരുടെ പങ്ക് വ്യക്തമാക്കുന്ന സാക്ഷിമൊഴികളും രേഖാപരമായ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് എസ്‌ഐടി അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിൽ നിന്ന് ആചാരലംഘനം നടത്തി കട്ടിളപ്പാളികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കൊണ്ടുപോകാൻ സഹായിച്ചതും ഗൂഢാലോചനയിൽ സജീവമായി പങ്കെടുത്തതുമാണ് തന്ത്രിക്കെതിരായ ആരോപണം.

കർണാടകയിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ കണ്ഠര് രാജീവര് തന്ത്രിയായിരുന്ന കാലത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റി മേൽശാന്തിയായി സേവനമനുഷ്ഠിച്ചിരുന്നുവെന്നും അവിടെ ആരംഭിച്ച ബന്ധത്തിന്റെ തുടർച്ചയായി 2004 മുതൽ 2008 വരെ ശബരിമലയിൽ കീഴ്ശാന്തിയായി പോറ്റി ജോലി ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

തന്ത്രിക്ക് ജാമ്യം അനുവദിച്ചാൽ ദേവസ്വം ബോർഡ് ജീവനക്കാരെയും പൊതുസമൂഹത്തെയും സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ വശപ്പെടുത്താനും സാധ്യതയുണ്ടെന്നും എസ്‌ഐടി മുന്നറിയിപ്പ് നൽകുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

മുഖ്യപുരോഹിതനെന്ന നിലയിൽ ശബരിമല ക്ഷേത്രത്തിന്റെ ചൈതന്യവും പരിപാവനതയും ആത്മീയ മൂല്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തന്ത്രിക്കുണ്ടെന്ന് എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ശ്രീകോവിലിന്റെ വാതിൽ കട്ടിളയിൽ ഘടിപ്പിച്ച ദശാവതാര രൂപങ്ങൾ പതിച്ച സ്വർണപ്പാളികൾ, മുകളിലെ സ്വർണം പതിച്ച ചെമ്പ് പാളി, ശിവ–വ്യാളി രൂപങ്ങളുള്ള പ്രഭാമണ്ഡല പാളികൾ എന്നിവ അറ്റകുറ്റപ്പണിയുടെ പേരിൽ നീക്കം ചെയ്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതിന് ദേവാനുജ്ഞ വാങ്ങിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

താന്ത്രിക നടപടികൾ പാലിക്കാതെയാണ് ദേവസ്വം ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന കാര്യം തന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെങ്കിലും ഇത് തടയാൻ അദ്ദേഹം തയ്യാറായില്ലെന്നും കുറ്റകരമായ മൗനാനുവാദമാണ് നൽകിയതെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ഇന്നു പുലർച്ചെ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു വിളിച്ചുവരുത്തിയാണ് തന്ത്രിയെ ചോദ്യം ചെയ്തത്.  ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അതിനു ശേഷം ഈഞ്ചക്കലിലെ  എസ്ഐടി ഓഫിസിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img