
ശബരിമല സ്വർണമോഷണക്കേസിന് പിന്നിലെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി എഡിജിപി എച്ച്. വെങ്കടേഷിന് ചെന്നിത്തല കത്ത് നൽകി. ക്ഷേത്രപുരാവസ്തുക്കളുടെ കള്ളക്കടത്തുമായി ഈ കേസിന് ബന്ധമുണ്ടെന്ന സൂചനകളുണ്ടെന്നാണ് ചെന്നിത്തല വ്യക്തമാക്കുന്നത്.
രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള പൗരാണിക വസ്തുക്കൾ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയിൽ വൻ തുകയ്ക്ക് വിറ്റഴിക്കുന്ന ഒരു സംഘത്തോട് ദേവസ്വം ബോർഡിലെ ചില ഉന്നതരുടെ അടുത്ത ബന്ധം പുലർത്തുന്നു എന്നാണ് ചെന്നിത്തല കത്തിൽ ആരോപിക്കുന്നത്. ഈ പശ്ചാത്തലത്തിൽ അന്വേഷണം പുതുവഴിക്ക് തിരിയണമെന്നും പറഞ്ഞിരിക്കുന്നത്. ശബരിമലക്കേസിനുണ്ടാകാവുന്ന അന്താരാഷ്ട്ര ബന്ധങ്ങളും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഈ വിവരങ്ങൾ നേരിട്ട് അറിയുന്ന വ്യക്തിയിൽ നിന്ന് ലഭിച്ചതാണെന്നും ചെന്നിത്തല പറയുന്നു. 500 കോടിയോളം രൂപയുടെ ഇടപാടാണ് സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുണ്ടായതെന്ന വിവരവും വിശ്വാസ്യതയുള്ളതാണെന്നുറപ്പാക്കി തന്നെയാണ് വിവരം കൈമാറുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഈ സ്രോതസ്സ് പൊതുവിൽ വെളിപ്പെടാൻ തയാറല്ലെങ്കിലും, ആവശ്യപ്പെട്ടാൽ അന്വേഷണ സംഘവുമായി സഹകരിക്കാനും കോടതിയിൽ മൊഴി നൽകാനും തയാറാണെന്നും കത്തിൽ പറയുന്നു.
“ശബരിമല സ്വർണമോഷണം ഒരു സാധാരണ മോഷണമെന്നോണം കാണാനാവില്ല; ഇതിന് രാജ്യാന്തര ഗൂഢാലോചനയുടെ നീളമുള്ള നിഴലുണ്ട്,” എന്നാണ് ചെന്നിത്തലയുടെ വിലയിരുത്തൽ. ഇപ്പോൾ അറസ്റ്റ് ചെയ്തവരെ സഹപ്രതികളായി മാത്രം കാണണമെന്നും, മുഖ്യപ്രതികൾ ഇപ്പോഴും പുറത്ത് സ്വതന്ത്രരായി വിഹരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേസിൽ ചോദ്യംചെയ്യപ്പെട്ട ആഭരണവ്യാപാരി ഗോവർധൻ ഈ അന്താരാഷ്ട്ര ശൃംഖലയിലെ ഒരു ഇടനിലക്കാരൻ മാത്രമാണെന്ന് കത്തിൽ പറയുന്നു. ശക്തമായ സാമ്പത്തിക ശക്തിയും വിദേശ ബന്ധങ്ങളും ഉള്ള സംഘങ്ങൾക്കാണ് ഇതിന് പിന്നാലെയുള്ളതായി സൂചന. അമേരിക്കയിലെ പുരാവസ്തു കള്ളക്കടത്ത് ശൃംഖലയെ നയിച്ച സുഭാഷ് കപൂർ സംഘത്തിന്റെ മാതൃകയുമായി ഈ കേസിലുളള പ്രവർത്തനരീതികൾക്ക് സാമ്യമുണ്ടെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ചില വ്യവസായികളെയും സംഘടിത റാക്കറ്റുകളെയും ഈ ശൃംഖലയിൽ ഉൾപ്പെട്ടതായി സൂചനകളുണ്ടെന്നും, ശബരിമലയിലെ നഷ്ടപ്പെട്ട വസ്തുക്കൾ ഇത്രയുംകാലം കണ്ടെത്താൻ സാധിക്കാത്തത് തന്നെ അന്താരാഷ്ട്ര ബന്ധങ്ങൾ കാരണമാണെന്നും ചെന്നിത്തല പറയുന്നു. കേസിനോടനുബന്ധിച്ചുള്ള വിപുലമായ ഗൂഢാലോചനയും മാഫിയ ബന്ധങ്ങളും അന്വേഷിക്കാൻ സംഘം തയ്യാറാണെങ്കിൽ കൂടുതൽ വിശദവിവരങ്ങൾ നൽകുമെന്നും പറഞ്ഞാണ് ചെന്നിത്തലയുടെ കത്ത് അവസാനിക്കുന്നത്.











