09:13pm 11 November 2026
NEWS
ശബരിമല സ്വർണക്കൊള്ള കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു
09/11/2025  03:27 PM IST
nila
ശബരിമല സ്വർണക്കൊള്ള കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ന്ല‍കിയ നോട്ടിസിനാണ്  അസൗകര്യം അറിയിച്ച് മുൻ ദേവസ്വം കമ്മീഷണർ കൂടിയായ എൻ വാസു മറുപടി നൽകിയത്. എന്നാൽ. ചോദ്യം ചെയ്യ‌ലിന് സാവകാശം നൽകാനാവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.  

ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ടാണ് എൻ വാസുവിന് എസ്‌ഐടി നോട്ടീസ് നൽകിയത്. വാസുവിനെ നേരത്തേ എസ്‌ഐടി ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ഹാജരാവുന്നത് നീണ്ടുപോയാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് എസ്‌ഐടി ആലോചിക്കുന്നത്. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിർദേശപ്രകാരമാണെന്നാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്ന വിവരം. ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നൽകിയിരിക്കുന്നത്. 

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻ വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാർ എസ്ഐടിക്ക് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ സുധീഷ് കുമാറിന്റെ വീട്ടിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു. ഇതിൽ വാസുവിന്റെ കൈപ്പടയിൽ എഴുതിയ ഒരു കത്ത് എസ്ഐടി കണ്ടെത്തിയിരുന്നു. നേരത്തേ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ എസ്ഐടി ഇതേപ്പറ്റി വാസുവിനോട് ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇത് നിഷേധിക്കുകയായിരുന്നു ചെയ്തത്. ദേവസ്വം ബോർഡ് ആസ്ഥാനത്തും സന്നിധാനത്തും എസ്ഐടി സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ഇന്നും പരിശോധന തുടരും. ഇതിന് ശേഷം വാസുവിനെ വിളിപ്പിക്കുമെന്നാണ് സൂചന. അതിനിടെ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ വിളിച്ചുവരുത്താനും എസ്ഐടി നീക്കം നടത്തുന്നതായാണ് വിവരം. കട്ടിളപ്പാളിയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട കേസിൽ 2018 ലെ ദേവസ്വം ബോർഡിനെ എട്ടാം പ്രതിയായി ചേർത്തിരുന്നു. ആ കാലഘട്ടത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറായിരുന്നു. നോട്ടീസ് നൽകി പത്മകുമാറിനെ വിളിച്ചുവരുത്താനാണ് എസ്ഐടി തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img