
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് മുന്നിൽ മൊഴി നൽകിയതിനു പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ചില മാധ്യമങ്ങൾ വസ്തുതകളില്ലാതെ കഥകൾ സൃഷ്ടിക്കുകയാണെന്നും നിലവിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടിയായ കടകംപള്ളി സുരേന്ദ്രൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇതു സംബന്ധിച്ച് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു താനെങ്കിലും ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് വിശദീകരണം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച നടന്ന മൊഴിയെടുപ്പ് സംബന്ധിച്ച് വ്യക്തത വരുത്തിയ കടകംപള്ളി സുരേന്ദ്രൻ, അത് രഹസ്യ കേന്ദ്രത്തിലായിരുന്നുവെന്ന പ്രചരണം പൂർണമായും തെറ്റാണെന്ന് പറഞ്ഞു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് മൊഴി രേഖപ്പെടുത്തിയതെന്നും, എംഎൽഎ ബോർഡ് പതിച്ച താൻ പതിവായി ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിൽ പകൽവെളിച്ചത്തിലാണ് അവിടെ എത്തുകയും മടങ്ങുകയും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിൽ താൻ ഇടപെട്ടുവെന്ന വാർത്തകളും കടകംപള്ളി ശക്തമായി നിഷേധിച്ചു. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും, അത്തരത്തിലൊരു കുറിപ്പോ ഉത്തരവോ ഉണ്ടെങ്കിൽ അത് പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുകൂലമായി മന്ത്രി നിർദ്ദേശം നൽകിയെന്ന ആരോപണവും യാഥാർഥ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ തന്റെ മണ്ഡലത്തിൽ വീടുകൾ നിർമിച്ചു നൽകിയെന്ന ആരോപണത്തെയും അദ്ദേഹം തള്ളി. സർക്കാരിന്റെയും വിവിധ സുമനസ്സുകളുടെയും സഹായത്തോടെ വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ടെങ്കിലും, അതിൽ ഒന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ നടത്തിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ച് അത്തരത്തിലൊരു വീട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ ജനങ്ങളോട് തുറന്നു കാണിക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.











