
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബാേർഡിലെ ഉന്നതർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താനുള്ള തെളിവ് ശേഖരണത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കുന്നു. കേസിൽ നിർണായക വഴിത്തിരിവായത് ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും നൽകിയ വിവരങ്ങളാണ്. പണമായോ സ്വർണമായോ ഉന്നതർ പങ്കു കൈപ്പറ്റിയോ എന്നതടക്കമുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്.
ബിനാമി ഇടപാടുകളും കള്ളപ്പണവും:
പോറ്റിയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ഭൂമി ഇടപാടുകൾ സംബന്ധിച്ച രേഖകൾ ബിനാമി ഇടപാടുകളാണോ എന്നതും അന്വേഷണ പരിധിയിലാണ്. മുൻ ദേവസ്വം ബോർഡ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ പോറ്റിയും മുരാരിയും മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. മൊഴികളിൽ വൈരുദ്ധ്യങ്ങൾ ഉള്ളതിനാൽ ഗൂഢാലോചനയുടെ പൂർണ്ണ ചിത്രം ലഭിക്കാൻ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.
ബംഗളൂരുവിലെ പോറ്റിയുടെ വസതിയിൽ നടത്തിയ തെളിവെടുപ്പിൽ ഭൂമി ഇടപാടുകളുടെയും പണം പലിശയ്ക്ക് നൽകിയതിന്റെയും രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും ബിനാമി പേരിലുമായി പോറ്റി വാങ്ങിക്കൂട്ടിയതായാണ് വിവരം. സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി പലിശയ്ക്ക് പണം കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തി.
കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടരും:
പോറ്റിയുടെ കസ്റ്റഡി കാലാവധി 30 വരെ നീട്ടിയിട്ടുണ്ട്. ബംഗളൂരുവിലെയും ചെന്നൈയിലെയും തെളിവെടുപ്പിനു ശേഷം ഇന്നലെ വൈകിട്ട് പോറ്റിയെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. സ്വർണം വിറ്റ ബെല്ലാരിയിലെ ഗോവർദ്ധന്റെ ജൂവലറിയിൽനിന്ന് 400 ഗ്രാമും പോറ്റിയുടെ ഫ്ളാറ്റിൽനിന്ന് 176 ഗ്രാം സ്വർണവും ക്രൈംബ്രാഞ്ച് വീണ്ടെടുത്തിരുന്നു. മുരാരി ബാബുവിനെ കസ്റ്റഡിയിൽ കിട്ടാൻ റാന്നി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് സമർപ്പിച്ചിട്ടുണ്ട്.
ഗോവർദ്ധന്റെ മൊഴിയും അന്വേഷണത്തിൽ:
ശബരിമല ശ്രീകോവിൽ വാതിൽ നിർമ്മിച്ച് സ്വർണം പൂശിയത് താനാണെന്ന് ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ വെളിപ്പെടുത്തി. ശബരിമലയിലെ ഗോവർദ്ധന്റെ ഇടപാടുകളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. പുതുക്കി പണിത വാതിലുമായി 2019ൽ കുടുംബസമേതം ശബരിമലയിലെത്തിയെന്നും ബെല്ലാരിയിൽ വാതിൽ പൂജിച്ചതിൽ ആയിരത്തോളം പേർ പങ്കെടുത്തുവെന്നും ഗോവർദ്ധൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. തേക്കിൻതടിയിൽ നിർമ്മിച്ച വാതിൽ ചെമ്പ് പൊതിഞ്ഞ് ചെന്നൈയിലാണ് സ്വർണം പൂശിയത്. എന്നാൽ, രേഖകൾ പ്രകാരം വാതിൽ പണിതതിന്റെ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ്. വാതിൽ ചെന്നൈ, വിശാഖപട്ടണം ഉൾപ്പെടെയുള്ള നഗരങ്ങളിലെത്തിച്ച് പോറ്റി പൂജ നടത്തി പണം സമ്പാദിച്ചെന്നാണ് എസ്.എ.ടി അന്വേഷണത്തിൽ കണ്ടെത്തിയത്. സ്പോൺസറുടെ പേര് മാറിയത് കാര്യമാക്കിയില്ലെന്നാണ് ഗോവർദ്ധൻ മൊഴി നൽകിയത്.











